
തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കേരളത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് താൻ അറിഞ്ഞതായി സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗിൽ എന്തായിരുന്നുവെന്ന് ശിവ ശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ ആത്മകഥ, അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ഓരോന്നായി സ്വപ്ന തള്ളുന്നു. തന്നെ നിശ്ശബ്ദയാക്കി ജയിലിൽ അടയ്ക്കാനായാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎയെ കൊണ്ടുവന്നത്. ഇത് ശിവ ശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞതെന്നും സ്വപ്ന ആരോപിക്കുന്നു.
സ്വർണക്കടത്ത് കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നാണ് മറ്റൊരു വാദം. നയതന്ത്ര
ബാഗേജിൽ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമാണ്. ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മീഷൻ പണമായിരുന്നു. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതാണ് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന. പറഞ്ഞു. തന്റെ ജീവിതത്തിൽ എല്ലാം ശിവശങ്കർ ആയിരുന്നുവെന്നും അവർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam