മാതാ അമൃതാനന്ദമയി 2023 ലെ ജി-20 ഉച്ചകോടിയുടെ സിവിൽ സൊസൈറ്റി സെക്ടർ അധ്യക്ഷ

Published : Oct 27, 2022, 02:23 PM ISTUpdated : Oct 27, 2022, 02:24 PM IST
മാതാ അമൃതാനന്ദമയി 2023 ലെ  ജി-20 ഉച്ചകോടിയുടെ സിവിൽ സൊസൈറ്റി സെക്ടർ അധ്യക്ഷ

Synopsis

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു

കൊല്ലം: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റർ ഗവൺമെന്റൽ ഫോറമാണ് ജി-20. 

സർക്കാർ, ബിസിനസ് ഇതര വിഷയങ്ങൾ ജി-20 നേതാക്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിനായുള്ള വേദിയാണ് സി-20 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയുള്ള ഒരു വർഷക്കാലമാണ് ഇന്ത്യ ജി-20 യുടെ നേതൃത്വം വഹിക്കുക. ന്യൂഡൽഹിയിൽ വച്ച് 2023 സെപ്റ്റംബർ 9 മുതൽ 10 വരെയാണ് ജി-20 നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്.

സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയർന്ന ഒരു പ്രാതിനിധ്യം നൽകിയതിന് ഇന്ത്യൻ ഗവൺമെന്റിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായി ഇന്ത്യയുടെ സി 20 എൻഗേജ്മെന്റ് ഗ്രൂപ്പിന്റെ ചെയർ എന്ന നിലയിലുള്ള തന്റെ കർത്തവ്യം  ഏറ്റെടുത്ത ശേഷം മാതാ അമൃതാനന്ദമയി പറഞ്ഞു. സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ എം, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർ സുധാ മൂർത്തി എന്നിവരും  രാംഭൗ മൽഗി പ്രബോധിനി,  കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയും ഇതിൽ അംഗങ്ങളാണ്.

ലോകം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ വിശപ്പ്, സംഘർഷങ്ങൾ, ജീവജാലങ്ങളുടെ വംശനാശം, പാരിസ്ഥിതിക നാശം എന്നിവയാണെന്നും ഇതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി നാം ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും പ്രഥമ സി-20 ഓൺലൈൻ യോഗത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. 

കമ്പ്യൂട്ടർ സയൻസ്, ഗണിതശാസ്ത്രം, ഫിസിക്‌സ് തുടങ്ങി എല്ലാ മേഖലകളിലെയും വിദഗ്ധർ  ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ  നമുക്ക് പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള കൂടുതൽ നൂതനമായ രീതികൾ സൃഷ്ടിക്കാൻ കഴിയും.  ഇതിലൂടെ നിരവധി ജീവനുകൾ  രക്ഷിക്കാൻ നമുക്ക് കഴിയും.  ബഹുമുഖ പ്രയ്തനങ്ങളുടെ ഏകീകരണത്തിന്റെ  അഭാവം നമ്മൾക്കുണ്ടെന്നും ഇതിനുള്ള  പരിഹാരമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേർത്തു.

' ഇന്ത്യയിലെമ്പാടുമായി 108 ദരിദ്ര ഗ്രാമങ്ങളിൽ സ്വാശ്രയത്വം വളർത്തുന്നതിനുള്ള സഹായങ്ങളെത്തിക്കുന്നതിനായാണ് 2013-ൽ മാതാ അമൃതാനന്ദമയി മഠം അമൃത സെർവ് ആരംഭിച്ചത്. ഗ്രാമങ്ങളിൽ ഞങ്ങൾ ജീവാമൃതം എന്ന പദ്ധതി ആരംഭിച്ച് ശുദ്ധമായ കുടിവെള്ളം നൽകുകയും ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നു. ' മാതാ അമൃതാനന്ദമയി പറഞ്ഞു. ഇവിടെ ഉന്നയിക്കുന്ന എല്ലാ പ്രശ്‌നങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.  ഇത് കേവലമായ ഒരു കൂടിച്ചേരൽ എന്നതിലുപരിയായി ഹൃദയങ്ങളും മനസ്സുകളും ഒന്നിക്കുന്ന ഒരു യഥാർത്ഥ കൂടിച്ചേരലായി മാറണമെന്നും നമ്മളെയും മറ്റുള്ളവരെയും ഉണർത്താനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

തുല്യവും സുസ്ഥിരവുമായ വളർച്ച,  പാരിസ്ഥിതിക സുസ്ഥിരത, സ്ത്രീ ശാക്തീകരണം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നിവയ്‌ക്കൊപ്പം വാണിജ്യ, സംസ്‌കാരിക, വിനോദസഞ്ചാര മേഖലകളിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യവികസനവും  സാങ്കേതിക അധിഷ്ഠിതമായ വികസനവും, ക്ലൈമറ്റ് ഫിനാൻസിങ്,  സർക്കുലർ എക്കണോമി,  ആഗോള ഭക്ഷ്യ സുരക്ഷ, ഊർജ്ജ സുരക്ഷ,  ഗ്രീൻ ഹൈഡ്രജൻ, ദുരന്തങ്ങളുടെ സാധ്യത കുറയ്ക്കലും പ്രതിരോധവും, വികസന സഹകരണം,  സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടം, വിവിധ മേഖലകളിലെ പരിഷ്‌കാരങ്ങൾ എന്നിവയാണ്  ജി-20 ഉച്ചകോടിയിൽ ഇന്ത്യയുടെ മുൻഗണനകളിൽ ഉൾപ്പെടുന്നത്.

ജി-20 അംഗങ്ങളിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നു.  1999 ൽ ഇതിന്റെ തുടക്കം മുതൽ ഇന്ത്യ ഇതിൽ ഒരു അംഗമാണ്.  ലോക ഉൽപ്പാദനത്തിന്റെ (ജിഡബ്ല്യുപി) ഏകദേശം 80 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 59-77 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂവിസ്തൃതിയുടെ ഏകദേശം പകുതിയും ജി-20 ൽ ഉൾപ്പെടുന്നു. G20 നേതാക്കളുടെ ഉച്ചകോടിയിൽ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജി-20ൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 800-ലധികം സിവിൽ സൊസൈറ്റികളും ഇവയുടെ പ്രതിനിധികളും ശൃംഖലകളുമായും ചേർന്നുള്ള പ്രവർത്തനങ്ങളാണ് സി-20 നടത്തുന്നത്. G20 അംഗ രാജ്യങ്ങൾക്കിടയിൽ സിഎസ്ഒ പ്രാതിനിധ്യം 2010 ലാണ് ആരംഭിച്ചത്. 2013 ൽ ഇത് ജി-20 യുടെ  ഒരു ഔദ്യോഗിക സംഘമായി.

ജി-20 യ്ക്ക്  ആതിഥേയത്വം വഹിക്കുന്ന രാജ്യം  G20 അംഗങ്ങൾക്ക് പുറമേ, G20 യോഗങ്ങളിലേക്കും ഉച്ചകോടിയിലേക്കും അതിഥി രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും ക്ഷണിക്കുന്ന ഒരു പതിവുണ്ട്. അതനുസരിച്ച് സാധാരണ അന്താരാഷ്ട്ര സംഘടനകൾക്കും (യുഎൻ, ഐഎംഎഫ്, വേൾഡ് ബാങ്ക്, ഡബ്ല്യുഎച്ച്ഒ, ഡബ്ല്യുടിഒ, ഐഎൽഒ, എഫ്എസ്ബി, ഒഇസിഡി) പ്രാദേശിക സംഘടനകളുടെ (എയു, എയുഡിഎ-എൻഇപിഎഡി, ആസിയാൻ) ചെയർമാർക്കും പുറമേ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ എന്നീ അതിഥി രാജ്യങ്ങളെയും കൂടാതെ ഐഎസ്എ (ഇന്റർനാഷണൽ സോളാർ അലയൻസ്), സിഡിആർഐ, എഡിബി (ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്) എന്നിവയെ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികളായും ഇന്ത്യ ക്ഷണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ സർക്കാർ ഉത്തരവിറക്കി, ഡിസംബറിൽ സഹായധനം അവസാനിച്ച പ്രതിസന്ധിക്ക് പരിഹാരം; വയനാട് ദുരന്തബാധിതർക്ക് 9000 രൂപ ധനസഹായം തുടരും
'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട