
കോട്ടയം: കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിറങ്ങാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയുളള ശബ്ദ സന്ദേശം വിവാദമായി. വിജയപുരം പഞ്ചായത്തിലെ
ഒൻപതാം വാര്‍ഡിലെ തൊഴിലുറപ്പ് മേറ്റാണ് പണിയ്ക്ക് കയറാതെ തോമസ് ചാഴികാടന്‍റെ സ്വീകരണത്തിന് പോകാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ യുഡിഎഫ് പരാതി ഉന്നയിച്ചതോടെ തൊഴിലാളികള്‍ സ്വീകരണം ഉപേക്ഷിച്ച് പണിക്ക് കയറി. എന്നാല്‍, ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഒമ്പതാം വാര്‍ഡിലെ സിപിഎം പഞ്ചായത്തംഗം വിശദീകരിച്ചു.
ഒമ്പതാം വാര്‍ഡിലെ തൊഴിലുറപ്പ് മേറ്റ് ജ്യോതിയാണ് വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം പങ്കുവച്ചത്. തൊഴിലുറപ്പിന് അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ പ്രചാരണത്തിന് പോകണമെന്നായിരുന്നു നിര്‍ദേശം. സംഗതി ഗ്രൂപ്പില്‍ നിന്ന് ചോര്‍ന്നതോടെ പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണ സമിതി പരാതിയുന്നയിക്കുകയായിരുന്നു. അതേസമയം, ഒമ്പതാം വാര്‍ഡ് അംഗവും സിപിഎം നേതാവുമായ ബിജുവിന്‍റെ നിര്‍ദേശ പ്രകാരമാണ് തൊഴിലാളികളോട് ഇടത് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനു പോകാന്‍ നിര്‍ദേശിച്ചതെന്ന് മേറ്റ് വിശദീകരിച്ചു.
സംഭവം വിവാദമായതിനു പിന്നാലെയാണ് തൊഴിലാളികള്‍ സ്വീകരണ യോഗത്തിന് പോകാതെ പണിക്കിറങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണിതെന്ന് പഞ്ചായത്ത് പ്രസിഡൻറ് വിടി സോമൻ കുട്ടി ആരോപിച്ചു. എന്നാല്‍ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും താന്‍ തൊഴിലാളികള്‍ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സിപിഎം നേതാവ് ബിജു പറഞ്ഞു. ആരോപണം സിപിഎം നേതൃത്വും നിഷേധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam