സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ, പരിഹസിച്ച് കോണ്‍ഗ്രസ്

Published : Apr 11, 2024, 10:54 AM ISTUpdated : Apr 11, 2024, 12:42 PM IST
സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ, പരിഹസിച്ച് കോണ്‍ഗ്രസ്

Synopsis

സുരേന്ദ്രൻ ജയിക്കാൻ പോകുന്നില്ലെന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും അതിനൊരു വലിയും നല്‍കുന്നില്ലെന്നും  ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു

കോഴിക്കോട്:സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇന്ന് താമരശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്.

സുല്‍ത്താൻസ് ബത്തേരി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റല്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.സുരേന്ദ്രന് എന്തും പറയാമെന്ന് ടി സിദ്ദിഖ് എം എൽ എ. അദ്ദേഹം  ജയിക്കാൻ പോകുന്നില്ലെന്നും  ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും അതിനൊരു വലിയും നല്‍കുന്നില്ലെന്നും ടി സിദ്ദിഖ് എം എൽ എ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. സുരേന്ദ്രനെതിരെ സിപിഎമ്മും രംഗത്തെത്തി. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രൻ പറഞ്ഞു. സാഹിത്യക്കാരൻ കെ സച്ചിദാനന്ദൻ, എഴുത്തുക്കാരൻ ഒകെ ജോണി തുടങ്ങിയ നിരവധി പേരും പേരുമാറ്റല്‍ വിവാദത്തിനെതിരെ  രംഗത്തെത്തി. 

അനില്‍ ആന്‍റണിക്കെതിരായ ആരോപണത്തിലും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി.  അനിൽ ആന്‍റണിക്കെതിരായ ആരോപണം സത്യത്തിൽ ലക്ഷ്യം വെക്കുന്നത് എകെ ആന്‍റണിയെയാണ്. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ ആണ് ആരോപണത്തിന് പിന്നിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.പാനൂർ സ്ഫോടനത്തിന്‍റെ റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആര്‍ എസ് എസ് ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് അയിരുന്നു ബോംബ് നിർമാണം. ബോംബ് നിർമാണം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ നടന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ശക്തമായി ഇടപെടണം. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.

മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുസ്ലിം സമുദായത്തിലെ തീവ്ര ചിന്താഗതിക്കാരെ ഒപ്പം നിർത്താൻ കൂടി ലക്ഷ്യമിട്ട് ആയിരുന്നു ബോംബ് നിർമാണം.കണ്ണൂരിലെ ബോംബ് നിർമാണ വിദഗ്ധരുടെ ലിസ്റ്റ് പൊലീസിന്‍റെ പക്കൽ ഉണ്ട്. ഇത് പരിശോധിക്കാനോ അവരെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണം. വിഷയത്തിൽ കോൺഗ്രസ് വലിയ താത്പര്യം കാണിക്കുന്നില്ല. എഡിജിപി റാങ്കിലുള്ള ഉദ്യാഗസ്ഥൻ അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

150 രാജ്യങ്ങളിലെ ആപ്പിൾ ഐഫോൺ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ, ചാര സോഫ്റ്റ്‍വെയർ സാന്നിധ്യം!


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല