മത്തായിയുടെ മരണം: ഡപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി രേഖപ്പെടുത്തി, മറ്റുള്ളവരുടെ മൊഴി ഇന്നെടുക്കും

By Web TeamFirst Published Jul 31, 2020, 8:52 AM IST
Highlights

എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ല. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചതുമില്ല

പത്തനംതിട്ട: സിസിടിവി നശിപ്പിച്ചെന്ന് ആരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാറിലെ  മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട്, സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറ് പേരുടെ മൊഴി ഇന്നെടുക്കും. ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി അടക്കുള്ള രേഖകളും പൊലീസ് പരിശോധിക്കും.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മത്തായിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആരോപണ വിധേയരായ ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിലാണ്. കേസിൽ വനം വകുപ്പ് കടുത്ത പ്രതിരോധത്തിലാണ്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നടപടികളിലെ ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു.

എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ല. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചതുമില്ല. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തിയില്ല. മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയത്. കസ്റ്റഡിയിലുള്ള ആളുടെ ജീവന് മതിയായ സംരക്ഷണം ഉറപ്പാക്കാതെ  തെളിവെടുപ്പിന് എത്തിച്ചതിലും വീഴചയുണ്ടെന്നാണ് ആക്ഷേപം.

വനം വകുപ്പിന്‍റെ ക്യാമറ മോഷണം പോയത് സംബന്ധിച്ച് സിആർപിസി പ്രകാരമുള്ള കേസ് നടപടികൾ സ്വീകരിക്കാൻ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ വനം വകുപ്പ് അപേക്ഷ നൽകിയിട്ടില്ല. മോഷണം സംബന്ധിച്ച് മഹസർ തയ്യാറാക്കുകയോ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ നൽകുകയോ ഉണ്ടായിട്ടില്ല. മത്തായി മരിച്ചതിന് ശേഷം ഇന്നലെ ഉച്ചക്കാണ് ക്യാമറ മോഷണത്തിന് കേസ് എടുത്ത് റാന്നി കോടതിയിൽ മഹസറും റിപ്പോർട്ടും കൊടുത്തത്.

വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് ഏഴുമണിയോടെ മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സ്വന്തം ഫാമിലെ കിണറ്റിൽ മൃതദേഹം സകണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. കേസിൽ മത്തായിയെ കുരുക്കിയതാണെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടതായും ഭാര്യ ആരോപിക്കുന്നു.

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥരാണ് മത്തായിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ട്പോയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മത്തായി കിണറ്റിൽ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രിമിക്കാതെ വനപാലകർ വാഹനം ഉപേക്ഷിച്ച് മുങ്ങിയെന്നും നാട്ടുകാർ പറയുന്നു.

click me!