സിഎംആര്‍എല്ലിനായി ഭൂപരിധി നിയമത്തിൽ ഇളവിന് ഇടപെട്ടു, മാസപ്പടിയിൽ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴൽനാടൻ

Published : Feb 26, 2024, 12:52 PM IST
സിഎംആര്‍എല്ലിനായി ഭൂപരിധി നിയമത്തിൽ ഇളവിന് ഇടപെട്ടു, മാസപ്പടിയിൽ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴൽനാടൻ

Synopsis

പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്, അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്നും മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ലെന്നും മാത്യു പറഞ്ഞു. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണൽ ഖനനം ചെയ്തു. തോട്ടപ്പള്ളിയിൽ സിഎംആര്‍എൽ പ്രമോട്ടറായ കെ.ആർ.ഇ.എംഎൽ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂ പരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എംഎൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു.

ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എൽ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ, നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി