പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎം ശ്രീയിലും മദ്യനയത്തിലും ചോദ്യങ്ങൾ; പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

Published : Jun 22, 2026, 01:51 PM IST
Mathew Kuzhalnadan

Synopsis

നിയമസഭയിൽ പി എം ശ്രീ പദ്ധതിയെയും മദ്യനയത്തെയും ചൊല്ലി മാത്യു കുഴൽനാടന്‍റെ വിമർശനം. പിണറായി വിജയൻ ആർഎസ്എസ് അജണ്ട നടപ്പാക്കിയെന്ന് ആരോപിച്ച അദ്ദേഹം, മദ്യനയത്തിലെ അഴിമതിയെക്കുറിച്ച് പ്രതിപക്ഷത്തിനും അറിയാമായിരുന്നോ എന്ന് പരിഹസിച്ചുകൊണ്ട് സ്വന്തം മുന്നണിക്കെതിരെയും വിരൽ ചൂണ്ടി

തിരുവനന്തപുരം: നിയമസഭയിൽ പി എം ശ്രീ പദ്ധതിയെയും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിനെയും ചൊല്ലിയുണ്ടായ വിവാദ വിഷയങ്ങളിൽ പ്രതിപക്ഷത്തെക്കൂടി ചാരി സർക്കാരിനെ വിമർശിച്ച് മാത്യു കുഴൽനാടൻ എം എൽ എ. വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ്. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉയർന്ന രണ്ട് പ്രധാന വിവാദങ്ങളെ മുൻനിർത്തിയായിരുന്നു ഭരണകക്ഷി എം എൽ എയുടെ പ്രസംഗം എന്നത് ശ്രദ്ധേയമായി. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഈ തീരുമാനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനും മറുപടി നൽകി. നിയമം കൊണ്ടുവന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണെന്നും, ഇതിലെ അഴിമതിയെക്കുറിച്ച് ചിലപ്പോൾ പ്രതിപക്ഷത്തിനും അറിയാമായിരിക്കുമെന്നും കുഴൽനാടൻ പരിഹസിച്ചു. ഓഫർ കിട്ടിയത് എൽ ഡി എഫിനാണല്ലോ എന്ന് പറഞ്ഞ കുഴൽനാടൻ, ഭരണപക്ഷത്തെ ലക്ഷ്യമിട്ട് ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി നാല് വിരലുകൾ പ്രതിപക്ഷത്തിന് നേരെയാണെന്നത് ഓർമ്മിക്കണമെന്നും പരിഹസിച്ചു.

പിഎം ശ്രീയിലെ അപകടം പിണറായിക്ക് അറിയില്ലായിരുന്നോ?

കേരളത്തിന്റെ പൊതുബോധത്തിനെതിരെ പി എം ശ്രീ പദ്ധതി ഇരുട്ടിന്റെ മറവിൽ കൊണ്ടുവന്നത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പിണറായി വിജയന്റെ ന്യായീകരണം അതിശയിപ്പിക്കുന്നതാണ്. സംസ്ഥാനത്തിന്റെ മതേതരത്വം തകർക്കുമെന്ന് മുൻപ് ഇടതുമുന്നണി തന്നെ പറഞ്ഞ പദ്ധതിയിലാണ് ആരും അറിയാതെ ഒപ്പിട്ടത്. കുട്ടികളുടെ മനസ്സ് ഉറയ്ക്കുന്നതിന് മുൻപ് അവരിൽ മതചിന്ത നിറയ്ക്കുക എന്നത് ആർ എസ് എസിന്റെ പ്രഖ്യാപിത അജണ്ടയാണ്. അവരുടെ 'പെറ്റ് പ്രൊജക്റ്റായ' പി എം ശ്രീ പദ്ധതിയിൽ ഒപ്പിടരുതെന്ന് മന്ത്രിസഭയിലെ സഹപ്രവർത്തകർ തന്നെ പിണറായിയോട് പറഞ്ഞിരുന്നതായും ഇത് വലിയ അപകടമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം സഭയിൽ വെളിപ്പെടുത്തി. പി എം ശ്രീ പദ്ധതിയിലൂടെ നാടിനുണ്ടാകാൻ പോകുന്ന തകർച്ചയുടെ ആഴവും അപകടവും പിണറായിക്ക് അറിയാഞ്ഞിട്ടാണോ ഒപ്പിട്ടതെന്നും കുഴൽനാടൻ ചോദിച്ചു. ആർ എസ് എസിന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് മുൻ മുഖ്യമന്ത്രി ഇതിൽ ഒപ്പിട്ടത്. മുന്നണിക്കകത്ത് തന്നെ ഇതിനെച്ചൊല്ലി വലിയ തർക്കമാണ് അന്ന് നടന്നത്. ഇരുട്ടത്ത് പോയി ആരും അറിയാതെ ഈ ആർ എസ് എസ് അജണ്ടയിൽ ഒപ്പിട്ടത് കോൺഗ്രസ് ആണോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. പി എം ശ്രീയിലും മദ്യ നയത്തിലും പിണറായിക്കെതിരെ വിമർശനം കടുപ്പിക്കുമ്പോഴും സതീശൻ സർക്കാരിന്‍റെ തീരുമാനങ്ങളെ കൂടിയാണ് കുഴൽനാടൻ ചോദ്യം ചെയ്തത് എന്നാണ് വിമർശനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്
നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി