
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള 6 പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി 2 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കേസിൽ വാദം നടത്താൻ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടർന്നാണ് കേസ് മാറ്റിയത്. 20 വർഷം തടവിനാണ് പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് അതിജീവിത. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ഹർജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്.
കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് നിന്ന് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതിയായിരുന്നു. 2024 ൽ അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ആണ് അന്വേഷണ റിപ്പോർട്ട് നൽൽകിയത്. എന്നാൽ പ്രധാന ചോദ്യങ്ങൾക്കൊന്നും റിപ്പോർട്ടിൽ ഉത്തരമുണ്ടായിരുന്നില്ല. മൂന്ന് കോടതികളിലായി നാല് തവണ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടത്തി. ജില്ലാ കോടതിയിൽ ക്ലർക്ക് മഹേഷ് മോഹനനന്‍റെ കൈവശം 5 മാസം മെമ്മറികാർഡ് ഇരുന്നു. അത് പരിശോധിച്ച ഫോൺ നശിപ്പിച്ചെന്ന് മൊഴി ഉണ്ടായിട്ടും തുടർ അന്വേഷണത്തിന് ശുപാർയുണ്ടായില്ല. പ്രത്യേക കോടതിയിലെ ക്ലർക്കും അനധികൃത പരിശോധന സമ്മതിച്ചു. മെമ്മറികാർഡ് ഇട്ട ഫോൺ തീവണ്ടി യാത്രക്കിടെ കളഞ്ഞുപോയെന്ന് പറഞ്ഞ മൊഴി വിശ്വാസത്തിലെടുത്താണ് അന്തിമ റിപ്പോർട്ട്. എന്തിനായിരുന്നു ഈ പരിശോധന എന്നോ ഇതിന് കാരണക്കാരായവർക്ക് സാമ്പത്തിക നേട്ടമടക്കം ഉണ്ടായോ എന്നതിലൊന്നും കൂടുതൽ അന്വേഷണമുണ്ടായില്ല. അന്വേഷണത്തിലൊരിക്കലും സൈബർ വിദഗ്ധന്‍റെ സേവനവും തേടിയില്ല. റിപ്പോർട്ടിലെ കണ്ടെത്തലും സാക്ഷി മൊഴികളും തമ്മിൽ നിരവധി വൈരുദ്ധ്യമുണ്ട്. അതിനാൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി സ്വന്ത്ര സംഘത്തെ രൂപീകരിച്ച് പുനരന്വേഷണം പ്രഖ്യാപിക്കണം എന്നതാണ് അതിജീവിതയുടെ ആവശ്യം. അന്വേഷണ സംഘത്തിൽ സൈബർ, ഫോറൻസിക് വിദഗ്ധരെയും ഉൾപ്പെടുത്തണമെന്ന് ഹർജിയിൽ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam