
മാവേലിക്കര: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മാവേലിക്കര. എം എസ് അരുണ്‍ കുമാര്‍ എന്ന ജനകീയ യുവ എംഎല്‍എയിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന് എല്‍ഡിഎഫ് കരുതുമ്പോള്‍ അഡ്വ. മുത്താര രാജ് എന്ന പുതുമുഖമാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി. ജൂഡോ മുന്‍ ദേശീയ താരം കൂടിയാണ് മുത്താര. എന്‍ഡിഎ മുന്നണി മാവേലിക്കരയിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതേയുള്ളൂ.
മാവേലിക്കരയില്‍ 2021-ലെ തന്‍റെ കന്നി അങ്കത്തില്‍ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തില്‍ ജയിച്ചാണ് സിപിഎമ്മിന്‍റെ യുവമുഖം എം എസ് അരുണ്‍കുമാര്‍ നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിന്‍റെ കെ കെ ഷാജുവായിരുന്നു കഴിഞ്ഞ വട്ടം പ്രധാന എതിരാളി. എം എസ് അരുണ്‍ കുമാര്‍ 71,743 വോട്ടുകള്‍ നേടിയപ്പോള്‍ കെ കെ ഷാജു 47,026 വോട്ടുകളിലും ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ സഞ്ജു 30,955 വോട്ടുകളിലും ഒതുങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളും മണ്ഡലത്തിലെ വികസനങ്ങളും ചൂണ്ടിക്കാട്ടിയാണ് മാവേലിക്കരയില്‍ എം എസ് അരുണ്‍കുമാറിന്‍റെ പ്രചാരണം. മണ്ഡലത്തില്‍ ഭൂരിപക്ഷം ഉയര്‍ത്താനാകും എന്നാണ് അരുണ്‍ കുമാറിന്‍റെ അണികളുടെ പ്രതീക്ഷ.
അതേസമയം, കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് ജനങ്ങളെ അറിയിച്ചാണ് ദേശീയ മുന്‍ ജൂഡോ താരം കൂടിയായ മുത്താര രാജ് മാവേലിക്കര മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. അരുണ്‍ കുമാറിന്‍റെ ജനകീയതയെ മറികടക്കാന്‍ ഓടിനടന്നാണ് മാവേലിക്കരയില്‍ മുത്താരയുടെ പ്രചാരണം. മാവേലിക്കരയില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മുത്താര പറയുന്നു. എഐസിസി എസ്‌സി വിഭാഗം ദേശീയ കോര്‍ഡിനേറ്റര്‍ കൂടിയായ അഡ്വ. മുത്താര രാജ് മാവേലിക്കര ജില്ലാ കോടതിയിലെ അഭിഭാഷകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട് മുത്താര രാജിന്. ചാണ്ടി ഉമ്മന്‍റെ ഔട്ട്‌റീച്ച് സെല്ലിന്‍റെ സംസ്ഥാന ചെയര്‍പേഴ്‌സണിന്‍റെ ചുമതല മുമ്പ് മുത്താര രാജ് വഹിച്ചിരുന്നു. ‘മാവേലിക്കരയുടെ മുത്താകും മുത്താര’ എന്നാണ് സ്ഥാനാര്‍ഥിയുടെ അണികളുടെ സോഷ്യല്‍ മീഡിയ പ്രചാരണം.
2011 മുതല്‍ ഇടതുപക്ഷത്തിന്‍റെ കൈവശമാണ് മാവേലിക്കര നിയമസഭ മണ്ഡലം. എം എസ് അരുണ്‍ കുമാറിന് മുമ്പ് 2011-ലും 2016-ലും ആര്‍ രാജേഷ് വിജയിച്ചു. അതിന് മുമ്പ് എം മുരളിയിലൂടെ തുടര്‍ച്ചയായി നാലുവട്ടം വിജയിച്ചിട്ടുണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാവേലിക്കരയില്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam