സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ചേരിതിരിവ്. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി. അതേസമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലി. മേയറുടെ നേതൃത്വത്തിൽ എല്‍ഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാരതം ചൊല്ലിയത്. വന്ദേമാതരം ചൊല്ലുമെന്ന് മേയറെ അറിയിച്ചിരുന്നെന്ന് ബിജെപി കൗൺസിലർമാർ പറയുന്നു. എന്നാല്‍ അങ്ങനെ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് സർക്കാറിൻ്റെ ഔദ്യോഗിക സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ എവിടെയും വന്ദേമാതരം പാടിയില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥിയായ ചടങ്ങിലും ജില്ലകളിൽ മന്ത്രിമാർ പങ്കെടുത്ത പരിപാടികളിലും വന്ദേമാതരം പാടിയില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം മാത്രമാണ് എല്ലായിടത്തും പാടിയത്. സ്കൂളുകളിലെ ചടങ്ങുകളിലും വന്ദേമാതരം പാടിയില്ല. വന്ദേമാതരം മുഴുവനായും പാടണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ വിവാദമായിരുന്നു. കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിൻdറെ സർക്കുലർ താഴേക്ക് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയത്തെന്നായിരുന്നു സർക്കാർ വിശീദകരണം. സർക്കുലർ പിൻവലിച്ചില്ലെങ്കിലും കേരളത്തിൽ വന്ദേമാതരം പാടേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം ലോക്ഭവനിലെ സ്വാതന്ത്രദിനാഘോഷചടങ്ങിൽ വന്ദേമാതരം പാടി. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ വിവി രാജേഷ് പതാക ഉയർത്തിയതിനൊപ്പം വന്ദേമാതരം മുഴുവൻ പാടി. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലെ ആഘോഷത്തിലും വന്ദേമാതരം മുഴുവൻ പാടി

