
തിരുവനന്തപുരം: തൊഴില്‍ മേഖലയാകെ ഇന്നോളമില്ലാത്ത പ്രതിസന്ധി നേരിടുമ്പോഴാണ് കേരളത്തിലെ തൊഴിലാളി ദിനാചരണം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ചെലവ് ചുരുക്കി പ്രതിസന്ധി മറികടക്കാനൊരുങ്ങുമ്പോള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ് അസംഘടിത മേഖല. പ്രവാസികളുടെ മടക്കം കൂടിയാകുന്നതോടെ സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണ്ണമാകും.
നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച ആഘാതത്തില്‍ നട്ടെല്ല് തകര്‍ന്ന കേരളത്തിലെ തൊഴില്‍ മേഖലയില്‍ കൊവിഡ് സൃഷ്ടിക്കുന്നത് വിവരണാതീതമായ പ്രതിസന്ധിയാണ്. കൊവിഡില്‍ കേരളത്തിന്‍റെ നഷ്ടം 80000കോടിയെന്ന സര്‍ക്കാര്‍ കണക്കില്‍ തെളിയുന്നതേറെയും അധ്വാനശേഷി മാത്രം കൈമുതലായവന്‍റെ കണ്ണീരാണ്.
മാർച്ച് 22 മുതൽ സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ വരുന്ന പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങൾ കടലിലിറങ്ങിയിട്ടില്ല. ഒരു ലക്ഷത്തിലേറെ വരുന്ന ലോട്ടറി തൊഴിലാളികളുടെ സ്ഥിതിയും ദയനീയം. അങ്ങനെയങ്ങനെ ഓരോ തൊഴില്‍ മേഖലയും. സര്‍ക്കാര്‍ കൈത്താങ്ങില്‍ പട്ടിണിയകറ്റാനാകുണ്ടെങ്കിലും ഇനിയെന്ത് എന്ന ഉത്തരമില്ലാത്ത ചോദ്യമാണ് മുന്നില്‍.
ലോക്ക്ഡൗണില്‍ പൊലിഞ്ഞ തൊഴിലവസരങ്ങള്‍ എത്ര ? കൊവിഡിന് ശേഷം ഏതെല്ലാം മേഖലകള്‍ക്ക് തിരിച്ചുവരവ് സാധ്യമാകും ? ഉത്തരം ലളിതമല്ലെങ്കിലും സൂചനകള്‍ വ്യക്തം. നാട്ടിലേക്ക് മടങ്ങാനായി പേര് രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണവും നാട്ടില്‍ നിന്ന് മടങ്ങാനൊരുങ്ങുന്ന ഇതരസംസ്ഥാനക്കാരുടെ കണക്കും കേരളത്തിലെ തൊഴില്‍മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam