
തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ആര്യ പറഞ്ഞു. മുന്‍പ് ഇടതുപക്ഷ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടന്ന സൈബര്‍ ആക്രമണങ്ങള്‍ ഇന്ന് കുടുംബത്തിലെ അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ എത്തിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.
'കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് ജെയിക്കിന്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല. എന്റെ മകള്‍ ജനിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്ക് താഴെയും അസഭ്യപ്രയോഗങ്ങളും അധിക്ഷേപങ്ങളുമായി ഒരുകൂട്ടം ഇരുകാലി മൃഗങ്ങള്‍ ബഹളം കൂട്ടിയിരുന്നു.' ജനിച്ച് വീണ കുഞ്ഞിനോട് പോലും സഹിഷ്ണുത ഇല്ലാത്ത ഇക്കൂട്ടരാണത്രെ ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ്സ് എടുക്കുന്നതെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ആര്യാ രാജേന്ദ്രന്റെ കുറിപ്പ്: രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇടതുപക്ഷക്കാര്‍ ആക്രമിക്കപ്പെടുന്നത് ആദ്യമായൊന്നുമല്ല. കായികമായ ആക്രമണങ്ങളായിരുന്നു ഒരു കാലത്ത് എങ്കില്‍ ഇപ്പോള്‍ അത് സൈബര്‍ രംഗത്തായി എന്നതാണ് വ്യത്യാസം. അത് മാത്രമല്ല, മുന്‍പ് ഇടതുപക്ഷ പ്രവര്‍ത്തകരെ ആയിരുന്നു ആക്രമിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോ സൈബര്‍ ഇടങ്ങളിലും ചാനല്‍ ഫ്‌ലോറുകളിലും അവരുടെ കുടുംബങ്ങളും ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാവുകയാണ്.
കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് സ: ജെയിക്കിന്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല. എന്റെ മകള്‍ ജനിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്ക് താഴെയും അസഭ്യപ്രയോഗങ്ങളും അധിക്ഷേപങ്ങളുമായി ഒരുകൂട്ടം ഇരുകാലി മൃഗങ്ങള്‍ ബഹളം കൂട്ടിയിരുന്നു. ജനിച്ച് വീണ കുഞ്ഞിനോട് പോലും സഹിഷ്ണുത ഇല്ലാത്ത ഇക്കൂട്ടരാണത്രെ ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ്സ് എടുക്കുന്നത്.
ഒന്നിന്റെയും മെറിറ്റിലേക്ക് കടക്കാതെ, വസ്തുതകള്‍ അന്വേഷിക്കാതെ കേവലം രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യബുദ്ധിയോടെ മാത്രം സ്വീകരിക്കുന്ന സമീപനമാണ് ഇതൊക്കെ. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നേരിട്ടും അല്ലാതെയും ഇടപെട്ട് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരെ ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണെന്ന് പറയേണ്ടി വരും. ഈ പോസ്റ്റിന് താഴെയും അല്പസമയത്തിനുള്ളില്‍ അവരെത്തും. അവരോട് സഹതപിക്കുകയെ വഴിയുള്ളു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam