തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ: ഉദ്യോഗസ്ഥർ തട്ടിയെടുത്തത് ലക്ഷങ്ങൾ

By Asianet MalayalamFirst Published Oct 5, 2021, 1:34 PM IST
Highlights

തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ശ്രീകാര്യം സോണിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം (tax scam in trivandrum corporation)  ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് സ്ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ (Arya rajendran). തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു. ഇന്ന് ചേർന്ന് കോർപ്പറേഷൻ കൗൺസിൽ യോ​ഗത്തിലാണ് നികുതി തട്ടിപ്പ് നടന്നതായി മേയ‍ർ തുറന്നു സമ്മതിച്ചത്.  

തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ശ്രീകാര്യം സോണിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. ഇവിടെ ഒരുദ്യോഗസ്ഥനെയാണ് സസ്പെൻഢ് ചെയ്തത്. 

സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെ ഉദ്യോ​ഗസ്ഥ‍ർ ക്രമക്കേട് നടത്തിയെന്നാണ് മേയറുടെ വിശദീകരണം. സൂപ്രണ്ട് എസ്.ശാന്തിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാന്തിയും കാഷ്യറും ചേർന്ന് 26.7 ലക്ഷം രൂപയാണ് നേമം സോണിൽ നിന്ന് തട്ടിയെടുത്തതെന്നും കൗൺസിൽ യോഗത്തിൽ മേയർ സ്ഥിരീകരിച്ചു. അതേസമയം പണമടച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആ‍ർക്കും വീട്ടുകരം നഷ്ടമാവില്ലെന്നും മേയ‍ർ കൗൺസിൽ യോ​ഗത്തിൽ വ്യക്തമാക്കി. ജനങ്ങളിൽ നിന്നും കൈപ്പറ്റിയ തുക ബാങ്കിൽ അടയ്ക്കാതെയുള്ള തട്ടിപ്പാണ് ഇവിടെ നടന്നത്. ആരുടേയും പണം ഇവിടെ നഷ്ടമായിട്ടില്ല. നികുതിയടച്ച രശീതുമായി കോ‍ർപ്പറേഷൻ ഓഫീസിൽ എത്തണമെന്ന തരത്തിൽ ചില‍ർ പ്രചാരണം നടത്തുന്നുണ്ട്. ഇതിൽ ആളുകൾ വീഴരുതെന്നും മേയർ പറഞ്ഞു. 

ഇതാദ്യമായാണ് നികുതി പിരിവിൽ അഴിമതി നടന്നതായി തിരുവനന്തപുരം മേ‍യർ ആര്യ രാജേന്ദ്രൻ സ്ഥിരീകരിക്കുന്നത്. ഉദ്യോ​ഗസ്ഥ‍ർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസെടുത്തതെന്ന് വ്യക്തമാക്കിയ മേയ‍ർ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി. നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മേയ‍ർ അറിയിച്ചു. നികുതി പിരിവിനുള്ള ഐകെഎം സോഫ്റ്റ് വെയറിൽ ചില തകരാറുകളുണ്ട്. അതു പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും മ‍േയ‍ർ അറിയിച്ചു. 


ആശങ്കയിൽ ജനം - 

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പേറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. പൂജപ്പുര സ്വദേശിയായ എം.ജനാ‍ർദ്ദനൻ്റെ അവസ്ഥ കേൾക്കാം വിഎസ്എസ് സിയില്‍ നിന്ന് ഡിവിഷണല്‍ ഹെഡായിരുന്നു ഇദ്ദേഹം കഴിഞ്ഞ വ‍ർഷങ്ങളിലെല്ലാം കൃത്യമായി നികുതി അടച്ചിരുന്നു. എന്നാല്‍ പത്ത് കൊല്ലത്തെ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന് കാണിച്ച് കോർപ്പറേഷനിൽ നിന്നും അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചു. 

കെട്ടിട നികുതിയുടെ വിരങ്ങളറിയാന്‍ വെബ്സൈറ്റില്‍ കയറി നോക്കിയപ്പോൾ ജനാര്‍ദ്ദനന് 9500 രൂപ കുടിശ്ശിക. എല്ലാ വര്‍ഷവും സപ്തംബര്‍ മാസം മുടങ്ങാതെ വീട്ടുകരമടച്ച് റസീപ്റ്റ് സൂക്ഷിച്ചുവെക്കുന്ന അദ്ദേഹം രേഖകൾ സഹിതം മൂന്ന് തവണ കോര്‍പ്പറേഷന് കത്തെഴുതി. മറുപടിയില്ല, കുടിശ്ശിക അതുപോലെ തന്നെ കിടക്കുന്നു. വര്‍ഷങ്ങളോളം കരമടച്ചില്ലെന്ന് കോര്‍പറേഷന്‍ ഇപ്പോഴും പറയുന്നു. 

ജനാര്‍ദ്ദനന്‍ പരാതിയുമായി നേരിട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി. നികുതി വിഭാ​ഗത്തിൽ ചെന്നപ്പോൾ ജനാർദ്ദനനെ പോലെ പരാതിയുമായി നിരവധി പേ‍ർ അവിടെയുണ്ടായിരുന്നു. ജനാര്‍ദ്ദനന്‍റെ പരാതിയും നികുതിയടച്ച രസീതുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കൃത്യമായി പണമടച്ചിട്ടും വെബ്സൈറ്റിന്‍റെ തകരാര്‍ എന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. അപ്പോള്‍ കരമടച്ച റസീപ്റ്റ് കൈവശമില്ലാത്തവര്‍ എന്ത് ചെയ്യും.? എന്ന ചോദ്യം ബാക്കി. 
 

 

click me!