
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്.
കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയും കേസെടുത്തിരുന്നു. എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളാണ് ഇരുവർക്കുമെതിരെയുളളത്.
യദുവിന്‍റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലുമുണ്ടായിരുന്നത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam