നികുതി വെട്ടിപ്പ്; തിരു. കോർപ്പറേഷനിലെ അനുനയശ്രമം പാളി; ഇനി ചർച്ചയില്ലെന്ന് മേയർ, സമരം തുടരുമെന്ന് ബിജെപി

By Web TeamFirst Published Oct 4, 2021, 6:22 PM IST
Highlights

നികുതിയായി പിരിച്ച പണം ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നഗരസഭാ കൗൺസിൽ ഹാളിൽ ആറ് ദിവസമായി സമരമിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം  കൗൺസിൽ യോഗത്തിൽ പാസ്സാക്കണമെന്നായിരുന്നു ഇന്നത്തെ ചർച്ചയിൽ ബിജെപി ആവശ്യപ്പെട്ടത്. 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ (Thiruvannathapuram Corporation) നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി (BJP) സമരം അവസാനിപ്പിക്കാനുള്ള  മേയറുടെ (Mayor Arya Rajendran) ശ്രമം പാളി. ഇനി ചർച്ചയില്ലെന്ന് മേയർ വ്യക്തമാക്കി. അതേസമയം, സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു. 

നികുതിയായി പിരിച്ച പണം ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നഗരസഭാ കൗൺസിൽ ഹാളിൽ ആറ് ദിവസമായി സമരമിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം  കൗൺസിൽ യോഗത്തിൽ പാസ്സാക്കണം എന്നായിരുന്നു ഇന്നത്തെ ചർച്ചയിൽ ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണം പൂർത്തിയാകാതെ, ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകാനാവില്ലെന്ന നിലപാട് മേയർ ആവർത്തിച്ചു. ഇതോടെയാണ് സമരം തുടരാനുള്ള ബിജെപി തീരുമാനം. 

ഒരു മാസത്തിനുള്ളിൽ നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മേയർ അറിയിച്ചു. നികുതി അടച്ച രസീത് കൈവശമില്ലാത്തവരുടെ പരാതികൾ പ്രത്യേകം പരിശോധിക്കും. ജനത്തിന്റെ ഒരു രൂപ പോലും നഷ്ടമാകില്ല. നികുതി സോഫ്‍റ്റെവയറിലെ പിഴവുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി. സമരം നഗരസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. 

click me!