'പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് ഇനിയും മനസ്സിലായിട്ടില്ല'; പൊലീസിനെതിരെ വീണ്ടും ഹൈക്കോടതി

By Web TeamFirst Published Oct 4, 2021, 6:11 PM IST
Highlights

പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കൊച്ചി:  പൊതുജനങ്ങളോടുളള പൊലീസ് (police) ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമർശിച്ച് ഹൈക്കോടതി (high court). പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന്  പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്റ്റീസ് ദേവൻ രാമ‍ചന്ദ്രന്‍റെ പരാ‍മർശം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ പൊലീസ് പഴികേൾക്കുന്നതിനിടെയാണ് ഹൈക്കോടതി വീണ്ടും വിമര്‍ശനം ഉന്നയിക്കുന്നത്. കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം. കൊച്ചി സൗത്ത് പൊലീസിന്‍റെ പൊലീസിന്‍റെ നടപടി ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ ഷൈനി സന്തോഷാണ് ഹർജി സമർപ്പിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുറപ്പാക്കണമെന്ന് സിറ്റി പൊലസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു.

നേരത്തെ, പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ പൊലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിൾ ബെഞ്ച് ഡിജിപിക്ക് നി‍ർദേശം നൽകിയിരുന്നു. എടാ, എടി എന്നൊന്നും ആരെയും വിളിക്കാൻ പൊലീസിന് അവകാശമില്ല. മാന്യമായ പെരുമാറ്റമുണ്ടാകണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Also Read: 'എടാ, എടി വിളി വേണ്ട'; പൊലീസിനോട് ഹൈക്കോടതി

 

click me!