'സിപിഎം സമ്മേളനം ശാസ്ത്രീയ രീതിയിൽ'; ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എം എ ബേബി

By Web TeamFirst Published Jan 21, 2022, 11:57 AM IST
Highlights

എല്ലാം അടച്ചിടണം ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ല. മാസ്ക്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി

തൃശൂർ: സംസ്ഥാനത്ത് കൊവി‍ഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലും തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളെ ന്യായീകരിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് എം എ ബേബി. സിപിഎം സമ്മേളനങ്ങൾ മാസ്ക് ധരിച്ച്,  അകലം പാലിച്ചാണ് നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എല്ലാം അടച്ചിടണം ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ല. മാസ്ക്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

കൊവിഡിൽ കേരളം മുങ്ങുമ്പോഴും സംസ്ഥാനം, ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോഴും കാസർക്കോട്ടും തൃശ്ശൂരിലും സിപിഎം സമ്മേളനങ്ങൾ നടക്കുകയാണ്. വിമർശനങ്ങളുയരുമ്പോഴും സമ്മേളം നടത്തുമെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വങ്ങൾ. കാസർകോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്രയേറെപ്പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ സമ്മേളനം നടത്തുമെന്ന് സിപിഎം കാസർകോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണൻ അറിയിച്ചു.

ലോക്ഡൌൺ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് അറിയിച്ചത്. അന്നത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെന്നും സമ്മേളന സ്ഥലത്ത് കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുമെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു.

അതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിലായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ  പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ സമ്മർദ്ദമില്ലെന്നും പ്രോട്ടോക്കോൾ മാറിയതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് കളക്ടർ നൽകുന്ന വിശദീകരണം.  

അതേസമയം, കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ പരാതിയിലും വിമര്‍ശനങ്ങളിലും എന്തെങ്കിലും കഴമ്പുണ്ടോയെന്ന് എല്‍ഡിഎഫ് പരിശോധിക്കുമെന്നും എം.എ.ബേബി പറഞ്ഞു. എല്ലാ ആശങ്കകളും പരിഹരിച്ചാകും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

click me!