
പാലക്കാട്:മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോയെന്ന് മന്ത്രി എംബി രാജേഷ്.എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥിയും വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണെന്ന് അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു പോസ്റ്റിന്‍റെ പൂര്‍ണ രൂപം
'പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്.
എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.
എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് wish ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam