'അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റി, അവര്‍ കമ്മ്യൂണിസ്റ്റാണ്, ധീരയും'; വിമര്‍ശനവുമായി എംബി രാജേഷ്

By Web TeamFirst Published Jul 19, 2019, 11:01 AM IST
Highlights

"ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബിജെപി  അദ്ധ്യക്ഷനെയല്ല. മുഖമടച്ച മറുപടി കൊടുത്ത ഝർണ കൂറുമാറാൻ പറഞ്ഞ അമിത് ഷായോട്  ഇത്രയും കൂടി പറഞ്ഞിട്ടാണ് വന്നത്. " 

പാലക്കാട്: നിവേദനം നല്‍കാന്‍ വന്ന സി പിഎം എം.പി ഝര്‍ണാദാസിനെ ബിജെപിയിലേക്ക് ക്ഷണിച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് എംബി രാജേഷ്. 'അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്, ഝര്‍ണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്'- 10 വര്‍ഷമായി അവരെ തനിക്ക് അറിയാമെന്ന് രാജേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷിന്‍റെ വിമര്‍ശനം.

”എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന്‍ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്‍കാന്‍ ചെന്നപ്പോള്‍ അമിത് ഷാ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചത്. പ്രത്യയശാസ്ത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍”- എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്."ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബിജെപി. അദ്ധ്യക്ഷനെയല്ല " എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. " ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും ". ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.

പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്. 

click me!