
ചെർപ്പുളശ്ശേരി: പാലക്കാട്ടെ സിപിഎം ഓഫീസിൽ വച്ച് പീഡനം നടന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ്. തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നും ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇത് പോലെയുള്ള ആരോപണങ്ങൾ പൊളിഞ്ഞു പോവുകയും ചെയ്കതിട്ടുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. വസ്തുതകളെല്ലാം എത്രയും പെട്ടന്ന് പുറത്ത് വരട്ടെയെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് എംപി ആവശ്യപ്പെടുന്നത്.
പാലക്കാട് ചെർപ്പുളശ്ശേരി സി പി എം ഏരിയാ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിൻമേൽ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.
മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
സിപിഎം പോഷക സംഘടന പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് കഴിഞ്ഞ വർഷം മാഗസിൻ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam