'അവര്‍ അഴിമതിക്കാരെ വെള്ള പൂശുന്നവര്‍, കമ്മ്യൂണിസ്റ്റുകാര്‍ വ്യത്യസ്തരാണ്'; കാരണം നിരത്തി എംബി രാജേഷ്‌

Published : Mar 15, 2024, 07:48 AM IST
'അവര്‍ അഴിമതിക്കാരെ വെള്ള പൂശുന്നവര്‍, കമ്മ്യൂണിസ്റ്റുകാര്‍ വ്യത്യസ്തരാണ്'; കാരണം നിരത്തി എംബി രാജേഷ്‌

Synopsis

'കേന്ദ്ര സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതിയില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. കോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി.'

തിരുവനന്തപുരം: കളങ്കിതമായ പണം കൈപ്പറ്റാത്ത ധാര്‍മിക ബലമാണ് നാലുവര്‍ഷം ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമയുദ്ധം നടത്താന്‍ സിപിഎമ്മിന് കരുത്തായതെന്ന് മന്ത്രി എംബി രാജേഷ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണെന്നും എല്ലാവരും അഴിമതിക്കാരാണെന്നും പറയുന്ന ഒരു വിഭാഗം നാട്ടിലുണ്ട്. എല്ലാവരുടെയും ഗണത്തില്‍ ഉള്‍പ്പെടുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍ എന്ന് അഭിമാനത്തോടെ പറയാറുമുണ്ട്. അത് വെറും അവകാശവാദമല്ല എന്ന് തെളിയിക്കുന്നതാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങളെന്നും എംബി രാജേഷ് പറഞ്ഞു. ഇതുവരെ വന്ന കണക്കനുസരിച്ച് 75 ശതമാനവും പണം ഒഴുകിയിട്ടുള്ളത് ബിജെപിയിലേക്കാണ്. മറ്റെല്ലാവരും കൂടി സ്വന്തമാക്കിയിട്ടുള്ളത് ബാക്കി 25 ശതമാനം സംഭാവനകളാണ്. ലഭ്യമായ കണക്കനുസരിച്ച് ബിജെപിക്ക് മാത്രം കിട്ടിയത് 6551 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. 

എംബി രാജേഷിന്റെ കുറിപ്പ്: എല്ലാവരും കണക്കല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയുടെ വിവരങ്ങള്‍ ഇപ്പോള്‍  പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണെന്നും എല്ലാവരും അഴിമതിക്കാരാണെന്നും പറയുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. എല്ലാവരുടെയും ഗണത്തില്‍ ഉള്‍പ്പെടുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍ എന്ന് അഭിമാനത്തോടെ തന്നെ ഞങ്ങള്‍ എന്നും പറയാറുമുണ്ട്. അത് വെറും അവകാശവാദമല്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഇലക്ടറല്‍ ബോണ്ട്  സംബന്ധിച്ച വിശദാംശങ്ങള്‍. രാജ്യത്തെ വന്‍കിട കമ്പനികളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് സംഭാവന സ്വീകരിക്കാത്ത രണ്ടേ രണ്ട് പാര്‍ട്ടികളേ ഉള്ളൂ; സിപിഐഎമ്മും സിപിഐയും. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ടു നില്‍ക്കുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണം. ഈ രണ്ടു പാര്‍ട്ടികള്‍ ഒഴികെ വലുതും ചെറുതുമായ പ്രധാന ദേശീയ, പ്രാദേശിക പാര്‍ട്ടികളെല്ലാം വന്‍കിട കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ വന്ന കണക്കനുസരിച്ച് 75 ശതമാനവും പണം ഒഴുകിയിട്ടുള്ളത് ബിജെപിയിലേക്കാണ്. മറ്റെല്ലാവരും കൂടി സ്വന്തമാക്കിയിട്ടുള്ളത് ബാക്കി 25 ശതമാനം സംഭാവനകളാണ്. ലഭ്യമായ കണക്കനുസരിച്ച് ബിജെപിക്ക് മാത്രം കിട്ടിയത്  6551 കോടി രൂപയാണ്.  

ഭരണഘടനാ  വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ച ഈ നിയമവിരുദ്ധ സംഭാവനകള്‍ സി പി ഐ എമ്മും സിപിഐയും  കൈപ്പറ്റിയിട്ടില്ല എന്നത് കമ്യൂണിസ്റ്റ്  പാര്‍ട്ടികളുടെ ഉന്നതമായ ധാര്‍മികതയുടെ സാക്ഷ്യമാണ്. കളങ്കിതമായ പണം  കൈപ്പറ്റാത്ത ധാര്‍മിക ബലമാണ് നീണ്ട നാല് വര്‍ഷം ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമയുദ്ധം  നടത്താന്‍ സിപിഐഎമ്മിന് കരുത്തായത്. കേന്ദ്ര സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതിയില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. കോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി. അത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചു. സംഭാവന നല്‍കിയവരുടെ പട്ടിക എസ് ബി ഐയോട് കൈമാറാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അത് അട്ടിമറിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. കോടതി നിര്‍ദേശിച്ച സമയപരിധിക്കകത്ത് എസ് ബി ഐ സംഭാവന നല്‍കിയവരുടെ പേര് കൈമാറാന്‍ കൂട്ടാക്കിയില്ല. അവിടെയും സിപിഐഎം ഇടപെട്ടു. എസ് ബി ഐക്കെതിരായി  വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന് എത്രത്തോളം ഒളിക്കാനും ഭയക്കാനും ഉണ്ട് എന്ന് തെളിയിക്കുന്നതാണ് സംഭാവന നല്‍കിയവരുടെ പേര് പുറത്ത് വരാതിരിക്കാന്‍ നടത്തിയ നീക്കങ്ങള്‍. സിപിഐഎമ്മിന്റെ ഉറച്ച നിലപാടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും മൂലം ഇപ്പോള്‍ ആരെല്ലാമാണ് ആയിരക്കണക്കിന് കോടികള്‍ ഇന്ത്യയുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് എന്ന വിവരം പുറത്തുവന്നിരിക്കുന്നു. 

വന്‍കിട കുത്തകകള്‍ ആയിരക്കണക്കിന് കോടി ബിജെപിക്കും മറ്റു പാര്‍ട്ടികള്‍ക്കും സംഭാവന നല്‍കുന്നത് അടുത്ത ജന്മത്തില്‍ പുണ്യം കിട്ടുമെന്ന് വിചാരിച്ചിട്ടല്ല.  ഭരണം ഉപയോഗിച്ച് കൊള്ളലാഭം നേടുന്നതിനും ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് ഭരണകൂട പിന്തുണക്കും  വേണ്ടിയാണ്. അതായത് ഈ സഹസ്രകോടികളുടെ സംഭാവന ജനങ്ങളെ ഒറ്റുകൊടുത്ത പണമാണ്. അത് കൈപ്പറ്റാത്ത രണ്ടേ രണ്ട് പാര്‍ട്ടികളേയുള്ളൂ; സിപിഐ എമ്മും  സിപിഐയും.  എല്ലാവരും കണക്കാണെന്ന്  ഇനിയും പറയുന്നവരെ സൂക്ഷിക്കുക. അവര്‍ അഴിമതിക്കാരുടെ വക്കാലത്തെടുത്തവരും അഴിമതിക്കാരെ വെള്ളപൂശുന്നവരുമാണ്. ഞങ്ങള്‍ അഭിമാനത്തോടെ തന്നെ  പറയും; കമ്മ്യൂണിസ്റ്റുകാര്‍ വ്യത്യസ്തരാണ്.

എഐ ക്യാമറ പിഴ നോട്ടീസ് വിതരണം; വീണ്ടും ഇടഞ്ഞ് കെല്‍ട്രോണും സര്‍ക്കാരും, പ്രത്യേകം പണം വേണമെന്ന് കെൽട്രോൺ 
 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ