
തിരുവനന്തപുരം: കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.
വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലാ നിര്‍ദ്ദേശം ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കാനറ ബാങ്കില്‍ നിന്ന് വിദ്യാര്‍ത്ഥിനി വിദ്യാഭ്യാസ വായ്പ നേടിയിരുന്നു. കോഴ്‌സ് പൂര്‍ത്തിയായി വിദ്യാര്‍ത്ഥിനി ജോലിയും നേടിയിരുന്നു. ഉത്തരക്കടലാസുകൾ നഷ്ടമായതോടെ നടത്തിയ പുനപരീക്ഷയെഴുതാൻ അഞ്ജനയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടി ലോകായുക്തയെ സമീപിക്കുകയായിരന്നു.
ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാല തീരുമാനം യുക്തിപരമല്ല. കാലതാമസത്തിന് ശേഷം പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിക്കുന്നത് ശരിയായ നടപടിയല്ല. കാലാന്തരത്തില്‍ അക്കാദമിക് കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകാം. പുനഃപരീക്ഷയെഴുതുന്നത് വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ലോകായുക്ത നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam