
പത്തനംതിട്ട: പത്തനംതിട്ടയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിന് സമീപമുണ്ടായ ഓണാഘോഷം. എംബിബിഎസ് വിദ്യാർത്ഥികളാണ് ചെണ്ടമേളം അടക്കം ഉൾപ്പെടുത്തി ഓണാഘോഷം സംഘടിപ്പിച്ചത്. വലിയ ആഘോഷമാണ് നടത്തിയതെന്നും ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് ഉയരുന്ന ആരോപണം. ചികിത്സയിൽ കഴിയുന്നവർ ബുദ്ധിമുട്ട് നേരിട്ടെന്ന് കൂട്ടിരിപ്പുകാരും പറഞ്ഞു. ആശുപത്രിക്ക് മുന്നിൽ ഓണാഘോഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെ, വയനാട്ടിൽ ആരോഗ്യമന്ത്രിയുൾപ്പെടെ പങ്കെടുത്ത പരിപാടിയിലെ ആഘോഷം വിവാദമായിരുന്നു. ഇതിന് ശേഷം ആശുപത്രികളിൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾ നടത്തരുത് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് രാവിലെ പത്തരയ്ക്ക് ശേഷമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൻ്റെ മുന്നിൽ നിന്ന് ചെണ്ടമേളത്തോടുകൂടി ഓപ്പൺ ജീപ്പിൽ മാവേലിയുമുൾപ്പെടെ ആയിരുന്നു ഘോഷയാത്ര. കാഷ്വാലിറ്റിയുടെ മുന്നിൽ ഏറെ നേരം നീണ്ടുനിന്നതായിരുന്നു ആഘോഷം. ഇവിടെ നിന്ന് പിന്നീട് ക്യാംപസിലേക്ക് പോവുകയായിരുന്നു. ഓണാഘോഷത്തിനെതിരെ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നാണ് വിവരം. ഓണാഘോഷം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.
അതേസമയം, കോളേജ് യൂണിയനും വിദ്യാർത്ഥികളും പരാതി തള്ളി. ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്നാണ് വിദ്യാർത്ഥികളുടെ വിശദീകരണം. ഓണാഘോഷം പെട്ടെന്ന് അവസാനിപ്പിച്ചെന്നാണ് കോളേജ് യൂണിയൻറെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam