
കാസർകോട്: എം സി കമറുദ്ദീനുൾപ്പെടെ മുസ്ലീംലീഗ് നേതാക്കൾ പ്രതികളായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിൽ അന്വേഷണം എങ്ങുമെത്തിയില്ല. ആദ്യ കേസെടുത്ത് ഒന്‍പത് മാസം പിന്നിടുമ്പോഴും കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിനായിട്ടില്ല. മുഖ്യപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തിലാണ് പരാതിക്കാര്‍.
നൂറ്റിയൻപതിലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഓരോ പരാതിയും ഓരോ കേസായി റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയാണ് മഞ്ചേശ്വരം മുൻ എംഎൽഎ എം സി കമറുദീനെ കഴിഞ്ഞ നവംബര്‍ ഏഴിന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍എംഎൽഎയുടെ അറസ്റ്റിനപ്പുറം കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കേസിലെ മുഖ്യപ്രതിയും മുസ്ലീംലീഗ് ജില്ലാ നേതാവുമായിരുന്ന പൂക്കോയ തങ്ങൾ എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്ത ദിവസം ഒളിവിൽ പോയതാണ്. പിന്നെ ഒരു വിവരവുമില്ല.
വഞ്ചനക്കേസുകളിൽ പ്രതിയായ ഇയാളുടെ മകൻ ഹിഷാമും ഒളിവിലാണ്. മുഖ്യപ്രതി പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാത്തതിലും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനും പിന്നിൽ ഭരണപക്ഷത്തിന്‍റെ താൽപര്യമുണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം.
വൻകിട നിക്ഷേപകർക്ക് പുറമേ ജീവിതത്തിലെ സമ്പാദ്യത്തിലൊരു വലിയ പങ്ക് ജ്വല്ലറിയിൽ നിക്ഷേപിച്ച് പെരുവഴിയിലായ സാധാരണക്കാരുമുണ്ട്. പണം തിരികെ ലഭിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam