അര്‍ജന്‍റീനയുടെ വിജയാഹ്ളാദം; മലപ്പുറത്ത് പടക്കം പൊട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Jul 11, 2021, 11:26 AM IST
Highlights

രാവിലെ ഏഴരയോടെ റോഡരുകില്‍ ബൈക്കില്‍ നിര്‍ത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും. 

മലപ്പുറം: അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ മലപ്പുറം താനാളൂരില്‍ പടക്കം പൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്. സിറാജ്, ഇജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന ജയിച്ചതിന്‍റെ വിജയാഘോഷത്തിനിടെ പടക്കങ്ങള്‍ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. ബൈക്കില്‍ ഇരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അത്യാഹിതം.

പടക്കം ശേഖരിച്ച് വെച്ചിരുന്ന പെട്ടിയിലേക്ക് കത്തിക്കൊണ്ടിരുന്ന പടക്കം വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. 31 വയസുകാരനായ സിറാജിന് തുടയ്ക്കും 33 കാരനായ ഇജാസിന് പുറക് വശത്തുമാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സിറാജിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചൽ ഡി മരിയ വിജയഗോള്‍ നേടി. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമാണിത്. അര്‍ജന്‍റീന 1993ന് ശേഷം കിരീടം നേടുന്നത് ഇതാദ്യം എന്ന പ്രത്യേകതയുമുണ്ട്. കോപ്പയിൽ അര്‍ജന്‍റീനയുടെ 15-ാം കിരീടമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഉറുഗ്വേയുടെ 15 കിരീട നേട്ടത്തിനൊപ്പമെത്തി മറഡോണയുടെ പിന്‍മുറക്കാര്‍. സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനാകാതെ ബ്രസീല്‍ കണ്ണീര്‍ പൊഴിക്കുകയും ചെയ്‌തു. 

അര്‍ജന്‍റീന കാനറികളെ വീഴ്‌ത്തിയതെങ്ങനെ; മാച്ച് റിപ്പോര്‍ട്ട് വിശദമായി വായിക്കാം 

മിശിഹാ അവതരിച്ചു! കോപ്പയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലിയോണല്‍ മെസി

കോപ്പയുമായി ഡ്രസിംഗ് റൂമില്‍ മെസിയുടെ വിജയനൃത്തം; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!