Latest Videos

കമറുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വിട്ടില്ല; ജയിലിലേക്ക് മാറ്റി, അറസ്റ്റുകൾ വൈകരുതെന്ന് കോടതി

By Web TeamFirst Published Nov 11, 2020, 3:43 PM IST
Highlights

കമറുദ്ദീൻ ആസ്തി സംബന്ധിച്ച് വിവരങ്ങൾ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. തുടർച്ചയായി കസ്റ്റഡിയിൽ വേണ്ടത് അത്യാവശ്യമാണ്

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി എംസി കമറുദ്ദീൻ എംഎൽഎയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹൊസ്ദുർഗ് കോടതി ഇത് അനുവദിച്ചില്ല. 30 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം അറസ്റ്റിന് അനുമതി തേടി. സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

കേസിൽ തങ്ങൾക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നൽകി. എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. ദൈനംദിന കാര്യങ്ങളിൽ ചെയർമാന് പങ്കില്ല. എംഎൽഎയെ സമൂഹത്തിന് മുന്നിൽ താറടിക്കാനുള്ള ശ്രമമമാണ് കേസ്. നിക്ഷേപം വാങ്ങുന്ന സമയത്ത് വഞ്ചന നടത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. 

കമറുദ്ദീൻ ആസ്തി സംബന്ധിച്ച് വിവരങ്ങൾ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. തുടർച്ചയായി കസ്റ്റഡിയിൽ വേണ്ടത് അത്യാവശ്യമാണ്. 30 കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തണം. കമറുദ്ദീൻ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങൾ വാങ്ങി. കൂടുതൽ രേഖകളും തെളിവുകളും കണ്ടെത്താനുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അവശേഷിക്കുന്ന കേസുകളിൽ സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.

പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയതോടെ കമറുദ്ദീനെ ജയിലിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക്  കൊണ്ടുപോയി. അതേസമയം എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്. 

click me!