
കൊല്ലം: എംഡിഎംഎ കേസിൽ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടിയ നൈജീരിയൻ സ്വദേശിയിൽ നിന്ന് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. ഒരു വർഷത്തിനിടെ 300 കിലോ എംഡിഎംഎ ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമൻ പൊലീസിന് മൊഴി നല്‍കി. നൈജീരിയൻ സ്വദേശിയായ ഫ്രാൻസിസാണ് ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയെന്നും മൊഴി. ഫ്രാൻസിസാണ് വാട്സാപ്പ് വഴി കച്ചവടം ഉറപ്പിക്കുന്നത്. ദില്ലിയിൽ ഫ്രാൻസിസ് പറയുന്ന സ്ഥലത്ത് എത്തുന്നവർക്ക് സോളമൻ എംഡിഎംഎ കൈമാറി പണം വാങ്ങുന്നതാണ് രീതിയെന്നും പൊലീസ് കണ്ടെത്തി.
29 കാരനായ അഗ്ബെഡോ അസൂക്ക സോളമനെ ദില്ലിയിലെത്തിയാണ് ഇരവിപുരം പൊലീസ് സാഹസികമായി പിടികൂടിയത്. കൊല്ലം നഗരത്തിൽ ഈ വർഷം നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമനിലേക്ക് എത്തിയത്. മാർച്ച് 11 ന് രാത്രിയാണ് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം 90 ഗ്രാം എംഡിഎംഎ പിടികൂടിയത്. ദില്ലിയിൽ നിന്ന് വിമാന മാർഗം എത്തിച്ച ലഹരിമരുന്നുമായി ഉമയനല്ലൂർ സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കൂട്ടുപ്രതികളായ ആസിംഖാൻ, റാഫിഖ്, ഫൈസൽ എന്നിവരെ പിടികൂടി.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ദില്ലിയിലുള്ള നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് മനസിലായത്. സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും ലഹരി ശൃംഖലയിലെ മൊ വിതരണക്കാരനെ പിടികൂടാൻ മാർച്ച് 27 ന് ദില്ലിയിൽലെത്തി. കമ്മീഷണറുടെ മേൽനോട്ടത്തിൽ സിറ്റി എസിപി എസ്. ഷെരീഫ് അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതികളിൽ ഒരാളായ ഫൈസലിനെയും ഇരവിപുരം സിഐ യും സംഘവും ഒപ്പം കുട്ടിയിരുന്നു. ഫൈസൽ വഴി പ്രതിയെ പിടികൂടാനുള്ള നീക്കം തുടങ്ങി. മൂന്ന് ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അഗ്ബെഡോ അസൂക്ക സോളമൻ എന്ന മുഖ്യപ്രതി പിടിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam