വീണ്ടും എംഡിഎംഎ വേട്ട; ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്ന് പിടികൂടിയത് കണ്ണൂർ, പാലക്കാടും

By Web TeamFirst Published Sep 24, 2022, 9:01 PM IST
Highlights

കണ്ണൂരിൽ രണ്ട് കോടി രൂപ വില വരുന്ന എംഡിഎംഎയും പാലക്കാട് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംയുമാണ് പിടികൂടിയത്.

കണ്ണൂർ: കണ്ണൂരിലും പാലക്കാടും റെയിൽവേ സ്റ്റേഷനുകളിൽ ലഹരിമരുന്ന് വേട്ട. കണ്ണൂരിൽ രണ്ട് കോടി രൂപ വില വരുന്ന എംഡിഎംഎയും പാലക്കാട് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംയുമാണ് പിടികൂടിയത്. പാലക്കാട് ആ‌ർപിഎഫും കണ്ണൂരിൽ ആർപിഎഫിന്റെ സഹായത്തോടെ എക്സൈസും ആണ് എംഡിഎംഎ പിടികൂടിയത്. 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റേഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. എന്നാൽ എംഡിഎംഎ എത്തിച്ചയാളെ പിടികൂടാനായില്ല. ഇയാൾ ഓടി രക്ഷപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചായിരിക്കും ഇനി അന്വേഷണം. കഴിഞ്ഞ ദിവസവും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കോടി രൂപ വില വരുന്ന എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായിരുന്നു.

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 170 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേർ പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ കിരൺ, ശരത് എന്നിവരാണ് ആർപിഎഫിന്റെ പിടിയിലായത്. ബെംഗളൂരു - എറണാകുളം ഇന്റർസിറ്റിയിലാണ് ഇവരിരുവരും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഈ സമയം സ്റ്റേഷനിൽ ആർപിഎഫിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതു കണ്ട കിരണും ശരത്തും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതികളെ എക്സൈസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു
 

click me!