
തിരുവനന്തപുരം: വിഴിഞ്ഞം സമരം തീർക്കാൻ പുതിയ മധ്യസ്ഥ ശ്രമം. ഗാന്ധി സ്മാരക നിധിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ച തുടങ്ങുന്നു. സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും മധ്യസ്ഥർ സംസാരിക്കും.
വിഴിഞ്ഞം സമരം ചർച്ച ചെയ്യാന്‍ കോർ കമ്മിറ്റി ഉണ്ടാക്കി. പൗര പ്രമുഖരാണ് കമ്മിറ്റിയിലുള്ളത്. സർക്കാരും സമര സമിതിയും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജസ്റ്റിസ് ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി പി ശ്രീനിവാസൻ തുടങ്ങിയവർ കമ്മിറ്റിയിൽ ഉണ്ടാകും.
അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ നിന്ന് കൈകഴുകാനാണ് സംസ്ഥാന സർക്കാർ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട്. ഇതോടെ കേന്ദ്രസേനയെത്തിയശേഷം പദ്ധതി മേഖലയിൽ എന്ത് അനിഷ്ടസംഭവമുണ്ടായിലും അവരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിന് നോക്കി നിൽക്കാം. കേന്ദ്രസേനയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ തലകുലുക്കിയതോടെ കേന്ദ്ര സർക്കാർ ബുധനാഴ്ച കോടതിയിൽ നിലപാടറിയിക്കും.
ഇതിനിടെ ലത്തീൻ സഭയുടെ കീഴിലുളള കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്‍റണി രാജു അവസാന നിമിഷം പിൻമാറി. മന്ത്രി കൊച്ചിയിലുണ്ടായിരുന്നെങ്കിലും പരിപാടിയിൽ പങ്കെടുത്തില്ല. സമയക്കുറവുളളതിൽ പോയില്ലെന്നാണ് മന്ത്രിയുടെ മറുപടി. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ ആശുപത്രി അധികൃതർ മുഖ്യാതിഥിയാക്കി.
Also Read: ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam