
കൊച്ചി : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശത്തിന് കെ എസ് ആർ ടി സി ബസുകളില്ലെന്ന് ഹൈക്കോടതിയെ കത്തിലൂടെ അറിയിച്ച് തീർഥാടകൻ. ഇക്കാര്യത്തിൽ വൈകിട്ട് നാലുമണിക്കകം മറുപടി നൽകാൻ പത്തനംതിട്ട ജില്ലാ കലക്ടർക്കും എസ്പിക്കും ദേവസ്വം ബെഞ്ചിന്റെ നിർദേശം. തീർഥാടകന്റെ പരാതി വൈകിട്ട് 4ന് കോടതി പരിഗണിക്കും.
അതേസമയം കെ എസ് ആർ ടി സി പമ്പ - നിലയ്ക്കൽ ചെയിൻ സർവീസുകൾ സർവകാല നേട്ടം കൊയ്തുവെന്നാണ് റിപ്പോർട്ടുകൾ. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള (17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേരാണ് ശബരിമലയിൽ എത്തിയത്. ശബരിമല മണ്ഡലകാല മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ - പമ്പ 171 ചെയിൻ സർവീസുകൾ, 40 ഓളം കെ എസ് ആർ ടി സി അധിക സർവീസുകളും, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകൾ, ഇതോടൊപ്പം പമ്പയിൽ നിന്ന് വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ എന്നിവ നടത്തിവരുന്നു. അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സർവീസുകളും ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവ്വകാല റെക്കോഡിൽ എത്തുമെന്നാണ് പ്രതീക്ഷ.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ഇതിനായി നിലയ്ക്കലിലും, പമ്പയിലും 10 പ്രത്യേക കൗണ്ടറുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമിമാർക്ക് കൗണ്ടറിൽ നിന്നും ടിക്കറ്റ് മുൻകൂറായി വാങ്ങി യാത്ര ചെയ്യാം. പ്രായമായവർക്കും, മുതിർന്ന പൗരന്മാർക്കും, ഗ്രൂപ്പ് ടിക്കറ്റുകൾക്കുമായി പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ചെങ്ങന്നൂർ, എരുമേലി, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നിലയ്ക്കലിലേക്ക് നടത്തുന്നുണ്ട്. നിലയ്ക്കൽ- പമ്പ എ.സി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.
Read More : 'ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനാകണം' ഭരണഘടനാ സാധുത ഹൈക്കോടതി നാളെ പരിശോധിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam