PG Doctors Strike : 'സമരത്തിനുറച്ച്', നാളെ പിജി ഡോക്ടർമാരുണ്ടാകില്ല; മെഡിക്കൽ കോളേജിലെ ചികിത്സയെ ബാധിച്ചേക്കും

By Web TeamFirst Published Dec 9, 2021, 9:33 PM IST
Highlights

മതിയായ ഡോക്ടർമാരില്ലാത്ത സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും അത്യാഹിത വിഭാഗങ്ങളും വാർഡുകളുമടക്കം കൈകാര്യം ചെയ്യുന്നത് പിജി ഡോക്ടമാരാണെന്നതിനാൽ സമരം ആശുപത്രികളെ ബാധിക്കും. 

തിരുവനന്തപുരം: ആവശ്യങ്ങളോട്  സർക്കാർ മുഖം തിരിച്ചതോടെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് നീങ്ങുകയാണ് പിജി ഡോക്ടർമാർ. മതിയായ ഡോക്ടർമാരില്ലാത്ത സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും അത്യാഹിത വിഭാഗങ്ങളും വാർഡുകളുമടക്കം കൈകാര്യം ചെയ്യുന്നത് പിജി ഡോക്ടമാരാണെന്നതിനാൽ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും. 

പൂർണമായും ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരത്തിലേക്കാണ് പിജി ഡോക്ടർമാർ നീങ്ങുന്നത്. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം,  ഒപി ഡ്യൂട്ടികളെല്ലാം ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെയും രോഗീപരിചരണത്തെയും ഇത് സാരമായി തന്നെ ബാധിക്കും.  

സർക്കാർ ഉറപ്പുകൾ പാലിക്കാതെ വന്നതോടെയാണ് സമരം എന്നതിലേക്ക് പിജി ഡോക്ടമാർ നീങ്ങിയത്. സമരം ചെയ്താൽ കർശന നടപടിയെന്ന സർക്കാരിന്റെ മുന്നറിയിപ്പുകൾ പിജി ഡോക്ടർമാരും തള്ളിയതോടെ സർക്കാരും നിലപാട് കടുപ്പിക്കുകയാണ്. സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ഹോസ്റ്റൽ ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തും മെഡിക്കൽ കേളേജ് പ്രിൻസിപ്പൾമാർ നോട്ടീസ് നൽകി. ഇതോടെ ഹോസ്റ്റലിനു പുറത്തു കിടന്ന് പ്രതിഷേധിക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം. 

Doctors Strike : സമരത്തിൽ നിന്ന് പിന്നോട്ടില്ല; നാളെ മുതൽ എമർജൻസി ഡ്യൂട്ടി ബഹിഷ്കരണമെന്നും പി ജി ഡോക്ടർമാർ

നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്നായിരുന്നു നേരത്തെ നടത്തിയ ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽപ്പോലും ഇതുവരെയും വ്യക്തതതയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഉറപ്പുകൾ നൽകുന്നതല്ലാതെ ഒന്നും നടപ്പായില്ലെന്നും, നടപടികളെടുത്താലും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് പി.ജി ഡോക്ടർമാർ. 

 

click me!