തൃശ്ശൂർ പൂരത്തിനിടെ ഒറ്റ കുറ്റകൃത്യം പോലുമില്ല: കളക്ടർക്കും പൊലീസിനും കൈയ്യടിച്ച് ജനം

By Web TeamFirst Published May 16, 2019, 8:08 AM IST
Highlights

ആയിരക്കണക്കിന് ജനം തടിച്ചുകൂടിയ സ്ഥലത്ത് ഒരു പോക്കറ്റടിയോ, മാലമോഷണമോ റിപ്പോർട്ട് ചെയ്യാത്തത് പൊലീസിന്റെ പഴുതടച്ച സുരക്ഷ മൂലമെന്ന് വിലയിരുത്തൽ

തൃശ്ശൂർ: ആയിരക്കണക്കിന് ജനം തടിച്ചുകൂടിയ തൃശ്ശൂർ പൂരത്തിനിടെ ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും റിപ്പോർട്ട് ചെയ്തില്ല. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് ജില്ലാ കളക്ടർ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്‌ചന്ദ്രയ്ക്കും കൈയ്യടിക്കുകയാണ് ജനം. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നത് പൊലീസിനും സർക്കാരിനും അഭിമാനിക്കാനും വകയുണ്ടാക്കി.

പൂരത്തിരക്കിൽ കൂട്ടംതെറ്റിപ്പോയ 12 കുട്ടികളടക്കം 62 പേരെയും സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സാധിച്ചതും നേട്ടമായി. മൊബൈൽ ഫോൺ ജാം ആയതിനാൽ വയർലെസ് സെറ്റിലൂടെ അതതു പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ചു. മൈക്കിലൂടെ തുടർച്ചയായി അനൗൺസ്മെന്റ് മുഴക്കി. ബന്ധുക്കളെ കണ്ടെത്തി എല്ലാവരെയും തിരിച്ചേൽപ്പിച്ചു. 

ഗതാഗതം നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും 3600 അംഗ പൊലീസ് സേനയെയാണ് വിന്യസിച്ചത്. 160 അംഗ ബോംബ് ഡിറ്റക്‌ഷൻ ടീം മുഴുവൻ സമയവും പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. പൂരത്തിനിടെ ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തുന്ന പതിവും ഇക്കുറി തെറ്റി. അത്തരം കുറ്റകൃത്യങ്ങളും ഇക്കുറി നടന്നില്ല. ഏറ്റവും മികച്ച രീതിയിൽ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ച കലക്ടർ ടി.വി. അനുപമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ജനങ്ങൾ നൽകുന്നത്.

 

click me!