
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ. ജീവനക്കാരെ സംരക്ഷിച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രി കെ മുരളീധരനാണ് റൗണ്ട്സിൻ്റെ ചുമതല ഉണ്ടായിരുന്ന ഡോക്‌ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. രോഗി പരിചരണത്തിൽ വീഴ്ച ഉണ്ടായെന്നാണ് റിപ്പോർട്ട്. മുറിവ് അഞ്ച് ദിവസം ഡ്രസ് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും രോഗിയുടെ ബന്ധുക്കളുടെ പരാതിയോട് മാന്യമായി പെരുമാറിയില്ലെന്നുമുള്ള കണ്ടെത്തലിലാണ് നടപടി. ബന്ധുക്കളോട് മോശമായി പെരുമാറിയ നഴ്‌സിനെ നിർബന്ധിത കൗൺസിലിങിന് വിധേയമാക്കാനും മന്ത്രി നിർദേശിച്ചു.
പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ കാലിലാണ് പുഴുവരിച്ചത്. കഴിഞ്ഞ മാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയപ്പോൾ അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങൾ മുറിവിൽ പുഴു അരിക്കുന്നത് കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യമന്ത്രി 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. സംഭവത്തില്‍ ഓർത്തോ ഐസിയുവിൽ രോഗികളുടെ പരിചരണത്തിന് നിയോഗിച്ചവർക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് വിദഗ്ധസമിതിയുടെ നിഗമനം. വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു. ജീവനക്കാരെ ന്യായീകരിക്കുന്ന മെഡിക്കൽ കോളേജ് അധികൃതരുടെ നിലവിലെ അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച ആരോഗ്യമന്ത്രി വിശദമായ അന്വേഷണത്തിനും നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam