
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാൽ, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ എൻ ബാലഗോപാൽ വിമര്‍ശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തിന്‍റെ വിയോജന വാദങ്ങൾ മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളി. കെ എൻ ബാലഗോപാലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകൾ. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടി. എന്നാല്‍, തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ പോര്. ധവളപത്രം തയാറാക്കിയതിനെ ചൊല്ലിയാണ് പോര്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam