
തിരുവനന്തപുരം: നവജാതശിശു ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ചെന്ന പരാതിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെന്‍ഷന്‍. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്‍റെ അച്ഛന്‍റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് നടപടി. നവജാതശിശുവിന്‍റെ പോസ്റ്റ്മോർട്ടം നാളെ നടക്കും. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചതിൽ ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിൻ്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധങ്ങൾ ശക്തമായപ്പോൾ ഇന്നലെ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിരുന്നു. ഡോക്ടർക്കെതിരെ മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam