സമരം ശക്തമാക്കുമെന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾ; അത്യാഹിത വിഭാഗവും ബഹിഷ്കരിക്കും

By Web TeamFirst Published Dec 6, 2021, 9:06 AM IST
Highlights

മെഡിക്കൽ പി ജി ഡോക്ടർമാരുടെ(medical pg doctors) അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം(op boycot strike) തുടരുകയാണ്. ഡിസംബർ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നു. ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തിൽ ഒരു നടപടിയുമില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. 

മെഡിക്കൽ പി ജി ഡോക്ടർമാരുടെ(medical pg doctors) അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം(op boycot strike) തുടരുകയാണ്. ഡിസംബർ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം. 

കേന്ദ്ര സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോഴുള്ള വരുമാന പരിധി നിശ്ചയിക്കുന്നത് വൈകിയതിനെ തുടർന്നാണ് സുപ്രീം കോടതി അലോട്ട്മെന്‍റ് നീട്ടിയത്. ഇതിനെതിരെ ഒരാഴ്ചയായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ അനുകൂലിച്ചാണ് കേരളത്തിലും സമരം നടക്കുന്നത്. ഒപി ബഹിഷ്കരണം തുടങ്ങിയതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിരവധി ശസ്ത്രക്രിയകൾ മുടങ്ങി

ശാരീരികമായും മാനസികമായും കടുത്ത സമ്മർദ്ദത്തിലാണ് പിജി വിജ്യാർത്ഥികളുള്ളത്. പരീക്ഷ അടുത്തിരിക്കെ കൊവിഡിന്റെ മൂന്നാം തരംഗത്തിന് ഒമിക്രോൺ കാരണമായേക്കുമെന്ന ഭീതി കൂടിയുണ്ട്. കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനപരിശോധിക്കാൻ തയ്യാറാകണം. അലോട്മെന്റ് വേഗം പുനരാരംഭിക്കണം. നീറ്റ് - പിജി 2021 റാങ്ക് ജേതാക്കളെ രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി ഉടൻ മാറ്റണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ഇവർ ജോലിക്ക് ഹാജരാകുന്നുളളു. ഇതും ഡിസംബർ എട്ട് മുതൽ ബഹിഷ്കരിക്കാനാണ് തീരുമാനം. നീറ്റ് പി.ജി. കൗണ്‍സിലിംഗിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കല്‍ മെഡിക്കല്‍ പി.ജി. അഡ്മിഷനായി കാത്തിരുന്ന പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. 2021 ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പിജി നീറ്റ് പരീക്ഷ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ മാത്രം നടത്തുകയും തുടര്‍ന്ന് കൗണ്‍സിലിഗ് വഴി അഡ്മിഷനായി കാത്തിരുന്ന അനേകം എം.ബി.ബി.എസ്. ഡോക്ടര്‍മാരാണ് പ്രതിസന്ധിയിലായത്. 

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ജീവന്‍ പോലും പണയം വെച്ച് പോരാടിയ ഈ മുന്നണി പോരാളികള്‍ക്ക് വലിയ നിരാശ ഉളവാക്കുന്നതാണ് ഈ തീരുമാനം. ഇനിയും 2022 ജനുവരി ആറിന് ശേഷം മാത്രമേ കൗണ്‍സലിംഗ് പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനം വഴി 2021-ല്‍ നടക്കേണ്ട മെഡിക്കല്‍ പി.ജി. അഡ്മിഷനുകള്‍ ഇല്ലാതാവുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ആരോഗ്യപരിപാലനരംഗത്തും ഈ തീരുമാനം പ്രതിസന്ധികള്‍ ഉണ്ടാക്കും. 2021-ല്‍ പി.ജി. എന്‍ട്രന്‍സ് നടക്കാതിരിക്കുന്നതോടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് രാജ്യത്താകമാനം ഉണ്ടാകും.

click me!