
തിരുവനന്തപുരം: കൊവിഡ് കാലത്തെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതിയിൽ (Medical Services Corporation Corruption) ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ലോകായുക്ത സർക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യ സെക്രട്ടറി രാജൻ ഘൊബ്രഗഡേ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മുൻ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാർ എന്നിവർക്കും മുൻ ജനറൽ മാനേജർ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥർ അറിയിക്കണം. മാർച്ച് ഏഴിന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് കാലത്തെ മെഡിക്കൽ കോർപ്പറേഷൻ കൊള്ള ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായർ നൽകിയ ഹർജിയിലാണ് ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങിയത്.
കൊവിഡിന്‍റെ തുടക്കത്തില്‍ പിപിഇ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികള്‍ ധൃതി പിടിച്ച് വാങ്ങിയതില്‍ വന്‍ ക്രമക്കേട് കെഎംഎസ്‍സിഎല്‍ നടത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിഷയത്തില്‍ ധനകാര്യവകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയുമാണ്. അതിനിടെ, കൊവിഡ് പര്‍ചേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് മായിച്ചു കളഞ്ഞിരുന്നു എന്ന് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തന്നെ സമ്മതിച്ച രേഖകള്‍ പുറത്തുവന്നു. വിവരവകാശ നിയമപ്രകരമാണ് ഏഷ്യാനെറ്റ് ന്യൂസിന് മറുപടി കിട്ടിയത്. മായിച്ച് കളഞ്ഞതെല്ലാം തിരിച്ചെടുത്തിട്ടുണ്ടെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ ഫയലുകളാണ് മായിച്ചതെന്നോ മായിച്ചത് മുഴുവന്‍ തിരിച്ച് കിട്ടിയെന്നോ മറുപടിയില്‍ പറയുന്നുമില്ല. ഏതൊക്കെ ഫയലുകളാണ് മായിച്ചതെന്ന് അറിയില്ലെന്നും മായിച്ച് കളഞ്ഞ ആളെ സസ്പെന്‍റ് ചെയ്തിരുന്നു എന്നുമായിരുന്നു കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ജോയിയുടെ പ്രതികരണം.
Also Read: കൊവിഡിന്റെ മറവിൽ തട്ടിക്കൂട്ട് കമ്പനിക്ക് നൽകിയത് 9കോടി;കണക്കിൽപ്പെടുത്താതെ ഒളിച്ചുകളിയും
അതേസമയം കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ പര്‍ചേസുമായി ബന്ധപ്പെട്ട ഫിസിക്കല്‍ ഫയലുകളൊന്നും കാണാതായില്ലെന്നാണ് കെഎംഎസ്‍സിഎല്ലിന്‍റെ മറുപടി. കൊവിഡ് പര്‍ചേസുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുളള ഒരു റിപ്പോര്‍ട്ടും കെഎംഎസ്‍സിഎലിന് കിട്ടിയില്ലെന്നും മറുപടിയില്‍ പറയുന്നു. കൊവിഡ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ 1127 കോടി രൂപയുടെ പര്‍ചേസാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തിയതെന്നാണ് വിവരാവകാശ മറുപടി. കൊവിഡ് പര്‍ചേസില്‍ വന്‍ ക്രമക്കേട് നടന്നിരുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് കമ്പ്യൂട്ടറില്‍ നിന്ന് പര്‍ചേസ് ഫയലുകള്‍ ഡിലീറ്റ് ചെയ്തു എന്ന മറുപടി. കൊവിഡിന്‍റെ തുടക്കത്തില്‍ കൃത്യമായാണ് പര്‍ചേസെങ്കില്‍ എന്തിന് ആ തെളിവുകളും രേഖകളും കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്യണം എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam