Thrissur Pooram 2022 : കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം

Published : Apr 04, 2022, 03:19 PM ISTUpdated : Apr 04, 2022, 03:34 PM IST
Thrissur Pooram 2022 : കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം

Synopsis

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല.  

തിരുവനന്തപുരം: കൊവിഡ് (Covid) മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം (Thrissur Pooram) നടത്താൻ തീരുമാനം. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വ‍ർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ പകുതിയോടെ വീണ്ടും ഉന്നതതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും അന്തിമ തീരുമാനം. റവന്യൂമന്ത്രി കെ രാജനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, തൃശൂർ മേയർ എം കെ വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി  കെ ആർ ജ്യോതിലാൽ, തൃശൂർ ഡി ഐ ജി എ അക്ബർ, കളക്ടർ ഹരിത വി കുമാർ, തൃശൂർ സിറ്റി പൊലീസ് കമീഷണർ ആര്‍ ആദിത്യ തുടങ്ങിയവർ പങ്കെടുത്തു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യാഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ തുടക്കമായി. പ്രദർശനത്തിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. അടുത്ത ആഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രദർശന നഗരിയിലേക്ക് പ്രവേശനം. 180 ഓളം പവലിയനുകളാണ്​ ഈ വർഷം പ്രദർശന നഗരിയിലുള്ളത്. മെയ് 23ന് സമാപിക്കും. കൊവിഡ്​ വ്യാപനത്തെത്തുടർന്ന്​ കഴിഞ്ഞ വർഷം പൂരം പ്രദർശനം തുടങ്ങി ദിവസങ്ങൾക്കകം തന്നെ അവസാനിപ്പിച്ചിരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇരട്ടവോട്ടെന്ന് പരാതി; വിജയം റദ്ദാക്കണമെന്ന് പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി
സ്കൂളിലെ പെറ്റ് ഷോ: ആനയുമായി കുട്ടി വന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനം വകുപ്പ്, നടപടി എടുത്തേക്കും