Latest Videos

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ; അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച

By Web TeamFirst Published May 20, 2019, 10:35 AM IST
Highlights

അധ്യാപകരോഷം തണുപ്പിക്കാൻ ഒരുങ്ങി സർക്കാർ. ലയനവുമായി മുന്നോട്ട് പോയാൽ സമരമെന്ന് അധ്യാപകസംഘടനകൾ.

തിരുവനന്തപുരം: ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി ഏകീകരണം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്. വൈകീട്ട് മൂന്നിനാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗം. ഏകീകരണ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ഹയർ സെക്കണ്ടറിയിലെ മുഴുവൻ അധ്യാപക സംഘടനകളും എതിർപ്പ് തുടരുകയാണ്.

ഖാദർ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് സർക്കാർ ഏകീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ശ്രമം. ചർച്ചക്ക് ശേഷമേ തീരുമാനം എടുക്കൂ എന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഈ അധ്യയനവർഷം ഖാദ‍ർ കമ്മിറ്റിയുടെ മൂന്ന് ശുപാർശകൾ നടപ്പാക്കാനാണ് നീക്കം. 

ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും ഉള്ള സ്കൂളിലെ സ്ഥാപന മേധാവി ചുമതല പ്രിൻസിപ്പലിന് നൽകും, പൊതുവിദ്യാഭ്യാസവകുപ്പും ഹയർസെക്കണ്ടറി ഡയറക്ടറേറ്റും വൊക്കേഷനൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റും ലയിപ്പിക്കും, ഒരു ഡയറക്ടറുടെ കീഴിലാക്കും, മൂന്ന് പരീക്ഷാ ബോർഡുകളും ഏകീകരിക്കും എന്നിവയാണ് പ്രധാന ശുപാർശകള്‍. പക്ഷെ ഒന്നും അനുവദിക്കില്ലെന്ന് നിലപാടിലാണ് ഹയർസെക്കണ്ടറിയിലെ നാല് അധ്യാപക സംഘടനകളും സൂചിപ്പിക്കുന്നത്.

ഹൈസ്ക്കൂൾ തല അധ്യാപക സംഘടനയിൽ സിപിഎം-സിപിഐ അനുകൂല അധ്യാപക സംഘടനകൾ ലയനത്തെ അനുകൂലിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനയിൽ ഭിന്നാഭിപ്രായമുണ്ട്. ലയനവുമായി മുന്നോട്ട് പോയാൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ഹയർസെക്കണ്ടറി അധ്യാപകരുടെ തീരുമാനം.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!