
ദില്ലി: നരേന്ദ്ര മോദി സർക്കാരിനെതിരായ ഇന്ത്യാ സഖ്യത്തിന്‍റെ മഹാറാലി ഇന്ന് നടക്കും. ദില്ലി രാംലീലാ മൈതാനത്ത് രാവിലെ പത്തു മണി മുതലാണ് റാലി. എഎപി, കോൺഗ്രസ് ഉൾപ്പെടെ 28 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ റാലിയിൽ പങ്കെടുക്കും. അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് അടക്കം ഉയർത്തിയാണ് റാലി നടക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. റാലി കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. മോദിയുടെ ഏകാധിപത്യത്തിന് ഇന്ത്യ സഖ്യ റാലി തക്ക മറുപടി നൽകുമെന്ന് ദില്ലി മന്ത്രി ഗോപാൽ റായ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അരവിന്ദ് കെജ്രിവാളാണ് മുഖ്യമന്ത്രിയെന്നും സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാകുന്നതിൽ നിലവിൽ ചർച്ചയില്ലെന്നും ഗോപാൽ റായ് വ്യക്തമാക്കി. കസ്റ്റഡിയിൽ നിന്ന് കെജ്രിവാൾ ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ബിജെപി എന്തിനാണ് ഭയപ്പെടുന്നതെന്നും ഗോപാല്‍ റായ് ചോദിച്ചു. ഇന്ത്യ സഖ്യം ഒന്നിച്ച് പ്രതിരോധം തീർക്കും. കെജ്രിവാൾ ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ബിജെപിക്ക് ഭയമാണ്. പ്രതിപക്ഷ സംസ്ഥാനങ്ങളെ തകർക്കാനാണ് നീക്കം. മോദിയുടെ ഏകാധിപത്യത്തിനെതിരെ ജനവികാരം ഉയരുമെന്നും ഗോപാല്‍ റായ് പറഞ്ഞു.
ഇതിനിടെ, ഉത്തർ പ്രദേശിലെ മീററ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ഇന്ന് നടക്കും. മീററ്റിലെ ബിജെപി സ്ഥാനാർത്ഥിയും രാമായണം സീരിയലിലെ നായകനുമായ അരുൺ ഗോവിലിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് റാലി. ഈയിടെ എൻഡിഎയിലെത്തിയ രാഷ്ട്രീയ ലോക് ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഉത്തർപ്രദേശിൽ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് ഇന്ന് തുടക്കമാകുന്നത്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം പ്രതിഷേധം ശക്തമാക്കാനുറച്ച് കർഷക സംഘടനകളും രംഗത്തുണ്ട്. വിളകൾക്ക് താങ്ങുവിലയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹരിയാനയിലെ അംബാലക്ക് അടുത്തുള്ള ശാഹ്പൂരിൽ കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന് നടക്കും. ദില്ലിയിലെ കർഷക മാർച്ചിൽ മരിച്ച കർഷകന് ആദരാഞ്ജലി അർപ്പിച്ചാകും മഹാപഞ്ചായത്ത് ആരംഭിക്കുക. യോഗത്തിൽ തുടർസമരങ്ങളെക്കുറിച്ചടക്കം ചർച്ച ചെയ്യും. മഹാപഞ്ചായത്തിന് പിന്തുണ പ്രഖ്യാപിച്ചും ആളുകൾ എത്തണമെന്ന് ആവശ്യപ്പെട്ടും ഗുസ്തി താരമായ സാക്ഷി മാലിക്ക് രംഗത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam