പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്തതില്‍ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്തതില്‍ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍. ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും കുഞ്ഞു മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് നൽകാൻ തീരുമാനിച്ച മാതാപിതാക്കളുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് സാമൂഹിക മാധ്യമത്തില്‍ ഗവര്‍ൺര്‍ കുറിച്ചു. അപകടത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട കൊച്ചു മാലാഖയായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചഅരുൺ എബ്രഹാമിന്‍റെയും ഷെറിൻ ആൻ ജോണിന്‍റെയും ഉദാത്തമായ തീരുമാനം എന്നെ വളരെയധികം സ്പർശിച്ചുവെന്നും ആ നിസ്വാർത്ഥ തീരുമാനത്തിലൂടെ, അവർ മറ്റുള്ളവർക്ക് ജീവിതവും പ്രത്യാശയും സമ്മാനിച്ചു. ആലിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബത്തിന് ഹൃദയം തൊട്ട് അനുശോചനം എന്നുമാണ് ഗവര്‍ണര്‍ കുറിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി അഞ്ചിനു കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആലിൻ ഷെറിന് ഇന്നലെ മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കരൾ മാറ്റിവെക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു വയസ്സുള്ള കുട്ടിക്കാണ് ദാനം ചെയ്തത്. ഈ ശസ്ത്രക്രിയയും നടന്നു. ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ആലിന്‍റെ സംസ്ക്കാരം നാളെ വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.