
ദില്ലി: മേഘാലയയിൽ മധുവിധു ആഘോഷിക്കുന്നതിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്. യാത്രക്കിടെ സോനം എല്ലാ ദിവസവും വാട്ട്സ്ആപ്പിൽ ആൺസുഹൃത്തായ രാജിന് ലൈവ് ലൊക്കേഷൻ കൈമാറിയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഈ ലൊക്കേഷൻ ക്വട്ടേഷൻ സംഘത്തിന് രാജ് കൈമാറി. അസമിലെ കാമാഖ്യ ക്ഷേത്രം സന്ദർശിക്കാൻ ഭർത്താവിനെ സോനം നിർബന്ധിച്ചു. ഇവിടെ നിന്ന് മുതൽ കൊലയാളി സംഘം ഇവരെ പിന്തുടർന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. സോനത്തിന് ഭർത്താവ് രാജാ രഘുവൻഷിയോട് താല്പര്യമുണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു.
ജൂൺ രണ്ടിനാണ് ഇൻഡോർ സ്വദേശിയായ രാജ രഘുവൻഷിയുടെ മൃതദേഹം ഷിലോങ്ങിലെ കൊക്കിയിൽ നിന്നും കണ്ടെടുക്കുന്നത്. ഒരാഴ്ചയ്ക്കുശേഷം ഞായറാഴ്ച വൈകിട്ടാണ് ഭാര്യ സോനത്തെ ഉത്തർപ്രദേശിലെ ഗാസിപൂരിലെ ഒരു ദാബയിൽ നിന്നും പൊലീസ് പിടികൂടിയത്. ഇതോടെയാണ് മധുവിധു ആഘോഷത്തിന് ഇടയിൽ നടന്ന ക്രൂരകൊലപാതകത്തിന്റെ വിവരങ്ങൾ പുറംലോകം അറിയുന്നത്.
രാജ രഘുവൻഷിയെ ഭാര്യയായ സോനവും സോനത്തിന്റെ ആൺ സുഹൃത്തായ രാജ് കുശ്വഹയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനെ കൊല്ലാൻ സോനം ക്യൂട്ടേഷൻ നൽകിയ മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 11നായിരുന്നു സോനത്തിന്റെയും രാജാ രഘുവംഷിയുടെയും വിവാഹം. ഇതിനുശേഷം മെയ് 20ന് ഇവർ മേഘാലയയിലേക്ക് പോയി. മെയ് 23ന് ഇതുവരെയും കാണാനില്ല എന്നുള്ള പരാതി പൊലീസിന് ലഭിച്ചു. പിന്നീട് നടത്തിയ തെരച്ചിലിൽ ജൂൺ രണ്ടിന് മൃതദേഹം കിട്ടി.
രാജാ രഘുവൻഷിയുടെ മൃതദേഹത്തിന് സമീപം ചോരപുരണ്ട സോനത്തിന്റെ ഷർട്ടും മൂർച്ചയേറിയ ഒരു ആയുധവും കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഭർത്താവിനെ ഒഴിവാക്കാൻ ആൺ സുഹൃത്തും സോനവും ചേർന്നാണ് കൊല നടത്തിയത് പോലീസ് പറയുന്നു. ഇവർ തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായും പൊലീസ് കണ്ടെത്തി. എന്നാൽ താൻ നിരപരാധി ആണെന്നാണ് സോനത്തിന്റെ വാദം.
മേഘാലയയിൽ നിന്നും തന്നെ ബോധം കെടുത്തി തട്ടിക്കൊണ്ടു പോയതാണന്നാണ് സോനം പോലീസിനോട് പറഞ്ഞത്. എന്നാൽ സോനം തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുമ്പോഴും കൊലപാതകത്തിലേക്ക് സോനത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മേഘാലയയിൽ നിന്ന് സേനം ഉത്തർപ്രദേശിൽ എത്തിയതെങ്ങനെയെന്നും പൊലീസ് വിവരമില്ല. ഇന്ന് വൈകിട്ട് സോനത്തെ മേഘാലയിൽ എത്തിക്കും. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൂടുതൾ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.