കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മാനസികാരോഗ്യ നിയമം നടപ്പാക്കുന്നത് ചുവപ്പുനാട കുരുക്കില്‍. രോഗികളുടെ ക്ഷേമത്തിന് മുഖ്യ പരിഗണന നല്‍കിക്കൊണ്ടുളള കേന്ദ്ര നിയമം പാസായി രണ്ടു വര്‍ഷമായിട്ടും മെന്‍റല്‍ ഹെല്‍ത് അതോറിറ്റിയോ റിവ്യൂ ബോര്‍ഡുകളോ നിലവില്‍ വന്നിട്ടില്ല. രോഗികളുടെ വിവിധ അവകാശങ്ങളാണ് ഇതുവഴി നിഷേധിക്കപ്പെടുന്നത്.
മനോരോഗ ബാധിതരുടെ മനുഷ്യാവകാശങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് തയ്യാറാക്കിയ നിയമമാണ് 2017ലെ മാനസികാരോഗ്യ നിയമം. നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ഒമ്പത് മാസത്തിനകം സംസ്ഥാന സര്‍ക്കാരുകള്‍ അതോറിറ്റിക്കും റിവ്യൂ ബോര്‍ഡുകള്‍ക്കും രൂപം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും രണ്ടു വര്‍ഷമായിട്ടും കേരളത്തില്‍ ഈ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
ഇത് മൂലം നൂറുകണക്കിന് മനുഷ്യര്‍ സംസ്ഥാനത്തെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ നിയമത്തിന്‍റെ കാരുണ്യം കിട്ടാതെ തുടരേണ്ടി വരുന്നു. പുതിയ നിയമമനുസരിച്ച് ചികില്‍സ സംബന്ധിച്ച തീരുമാനങ്ങളെടുക്കാനും രോഗശമനമുണ്ടായാല്‍ തിരികെ പോകാനും രോഗിക്ക് സ്വാതന്ത്ര്യമുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം പാര്‍പ്പിപ്പിച്ചുളള ചികില്‍സ പരമാവധി കുറയ്ക്കണമെന്ന് പറയുന്ന നിയമത്തില്‍ രോഗിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നതടക്കമുളള നിര്‍ദ്ദേശങ്ങളുമുണ്ട്.
രോഗിക്ക് പരാതിയുണ്ടെങ്കില്‍ ചികില്‍സ കേന്ദ്രത്തില്‍ വച്ചുതന്നെ റിവ്യൂ ബോര്‍ഡ് സിറ്റിംഗ് നടത്തി പരാതിക്ക് പരിഹാരം കാണണം. മൂന്നു ജില്ലകള്‍ക്ക് ഒരു റിവ്യൂ ബോര്‍ഡ് എന്ന നിലയില്‍ കേരളത്തില്‍ അഞ്ച് റിവ്യൂ ബോര്‍ഡുകള്‍ വേണം. എന്നാല്‍ ബോര്‍ഡുകള്‍ക്ക് രൂപം നല്‍കേണ്ട അതോറിറ്റി പോലും പൂര്‍ണമാകാത്തതിനാല്‍ മറ്റു നടപടികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല.
നിയമം നടപ്പാക്കാത്തതിനാല്‍ മാനസികാരോഗ്യ രംഗത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാനും കഴിയുന്നില്ല. കോഴിക്കോട് പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തരമൊരു കേന്ദ്രത്തില്‍ നിന്ന് 41 സ്ത്രീകളെ സാമൂഹ്യനീതി വകുപ്പ് മോചിപ്പിച്ചത് അടുത്തിടെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam