
കൊച്ചി: കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ കയ്യിൽ സന്തോഷ് ഈപ്പൻ യുഎഇ കോണ്‍സുൽ ജനറലിന് നൽകിയ ഐ ഫോൺ ഉണ്ടെങ്കിൽ കണ്ടു പിടിക്കാൻ വെല്ലുവിളിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വിവാദമായ ഐഫോണ്‍ വിനോദിനി ഉപയോഗിച്ചിരുന്നെന്ന കസ്റ്റംസിന്‍റെ കണ്ടെത്തലിന് പിന്നാലെയാണ് മന്ത്രി വെല്ലുവിളിയുമായി രംഗത്തെത്തിയത്. വരുന്ന മാസത്തിനുള്ളില്‍ ഇതുപോലത്തെ ധാരാളം കഥകള്‍ ഇനിയും വരുമെന്നും വൈപ്പിനിലെ മത്സ്യ തൊഴിലാളി സംഗമത്തിൽ മേഴ്‌സികുട്ടിയമ്മ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഡോളർ കടത്തില്‍ ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴിയോട്, അസംബന്ധം പറയുന്നതിന് അതിരു വേണ്ടേയെന്നാണ് മന്ത്രി പ്രതികരിച്ചത്. ആഴക്കടല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നുണ പ്രചരിപ്പിക്കുകയാണെന്നും അവർ വിമര്‍ശിച്ചു.
നേരത്തെ കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നും ഫോണുകള്‍ നല്‍കിയത് സ്വപ്നയ്ക്കാണെന്നും ഈപ്പൻ വിശദീകരിച്ചിരുന്നു. സ്വപ്ന ആര്‍ക്കൊക്കെ ഫോണ്‍ നല്‍കിയെന്ന് വ്യക്തമല്ല. ചെന്നിത്തലയടക്കം ഒരു നേതാവിനും താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുൽ ജനറലിന് നല്‍കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയിൽ കൈമാറിയതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്‍റെ പുതിയ നീക്കം. എന്നാല്‍ സന്തോഷ് ഈപ്പൻ തനിക്ക് ഫോൺ സമ്മാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam