വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
ആലപ്പുഴ: ആലപ്പുഴയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്താ സമ്മേളനത്തിന് ഇടയിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസ് വാഹനം രണ്ടു വനിതാ പ്രവർത്തകർ അൽപ്പ നേരം തടഞ്ഞു വെച്ചതും മെഡിക്കൽ കോളേജ് പരിസരത്ത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും ചേർന്ന് വാർത്താ സമ്മേളനം നടത്തുന്നതിനിടയിലേക്കാണ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിലടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾ ഇരച്ചു കയറിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രിൻസിപ്പലിൻ്റെ മേശപ്പുറത്തിരുന്ന് മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസുകാരെ പൊലീസ് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. വഴിയിലുടനീളം യൂത്ത് കോൺഗ്രസുകാരും പൊലീസും തമ്മിൽ വാഗ്വാദവും പിടിവലിയും ഉണ്ടായി. ആരോഗ്യ മന്ത്രി വീണാ ജോർജിനെ വഴിയിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസുകാരുടെ പ്രഖ്യാപനം. രാജി വെക്കും വരെ വഴിയിൽ തടയുമെന്നും വേണമെങ്കിൽ പിണറായി സംരക്ഷണം ഒരുക്കട്ടെ എന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.
ഇരുപത് മിനിട്ടിലേറെ നീണ്ട ബഹളത്തിനൊടുവിൽ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയെങ്കിലും ജീപ്പിന് കുറുകെ രണ്ട് വനിതാ പ്രവർത്തകർ നിലയുറപ്പിച്ചതോടെ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ഷീൽഡ് ഉപയോഗിച്ച് വനിതാ പ്രവർത്തകരെ തള്ളി നീക്കിയാണ് ജീപ്പിന് പൊലീസ് വഴിയൊരുക്കിയത്. സംഘർഷത്തിനിടെ നിലത്തു വീണ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മീനു ഓടുന്ന ജീപ്പിന് അടിയിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആശുപത്രികൾ കൊലയറകളായി മാറിയെന്ന് മെഡിക്കൽ കോളേജിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി എം ലിജു ആരോപിച്ചു. ആശുപത്രിയിലേക്കുള്ള ബിജെപി പ്രതിഷേധവും പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു.

