
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി - ലിയോണല്‍ മെസി കൂടിക്കാഴ്ച മുടങ്ങിയതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്‍റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ മൂന്ന് ദിവസത്തെ ഗോട്ട് ടൂറിന്‍റെ അവസാന പാദത്തിന് ദേശീയ തലസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ദില്ലിയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മുംബൈയിൽ നിന്നുള്ള മെസിയുടെ വിമാനം തിങ്കളാഴ്ച ഒരു മണിക്കൂറോളം വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ കനത്ത മൂടൽമഞ്ഞ് കാഴ്ചാ പരിധി കുറച്ചതിനെത്തുടർന്ന് വിമാന സർവീസുകളെ സാരമായി ബാധിച്ചു. വിമാനത്താവള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 61 വിമാനങ്ങൾ റദ്ദാക്കുകയും അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മെസ്സിയെ കാണാൻ മണിക്കൂറുകൾക്ക് മുൻപ് തന്നെ ആരാധകരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി കാണികൾ സീറ്റുകളിൽ ഇരുന്നപ്പോൾ, ഗൗതം ഗംഭീർ സ്റ്റാൻഡിന് മുന്നിലെ സ്ക്രീനിൽ ഒരു സന്ദേശം തെളിഞ്ഞു: 'മോശം കാലാവസ്ഥ കാരണം മെസ്സിയുടെ വിമാനം വൈകി. പരിപാടി ഷെഡ്യൂൾ ചെയ്തതിലും 40 മിനിറ്റ് വൈകി ആരംഭിക്കും' എന്നാണ് അറിയിപ്പ് വന്നത്.
ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും നടക്കാതെ പോയത്. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി യാത്ര തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ബന്ധങ്ങളും വിപുലമായ സമകാലിക ഉഭയകക്ഷി ബന്ധങ്ങളും പങ്കുവെക്കുന്ന രാജ്യങ്ങളാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam