Latest Videos

'മെട്രോമാൻ' ഇ. ശ്രീധരൻ ബിജെപിയിലേക്ക്, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പ്രതികരണം

By Web TeamFirst Published Feb 18, 2021, 11:36 AM IST
Highlights

വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

കോഴിക്കോട്: മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും ഇ ശ്രീധരൻ ബിജെപിയിലേക്ക് എന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു. ബിജെപി നേതാക്കൾ അദ്ദേഹവുമായി ചർച്ചയും നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം ബിജെപി പ്രവേശനമെന്നതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കേന്ദ്ര നേതാക്കൾ കൂടി ഇടപെട്ടാണ് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം സാധ്യമാക്കിയതെന്നാണ് വിവരം.  

എഞ്ചിനിയറിങ്ങ് വൈഭവം കൊണ്ട് രാജ്യത്ത് ശ്രദ്ധേയനും മികച്ച പ്രതിച്ഛായയുമുള്ള ഇ ശ്രീധരൻ ബിജെപിയിൽ എത്തുന്നതോടെ തെരെഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. വികസന നായകന്‍ എന്ന നിലയില്‍ പൊതു സമൂഹത്തിന് ഏറെ സ്വീകാര്യനാണ് ഇ.ശ്രീധരന്‍. ഇത് ഗുണം ചെയ്യുന്നാണ് ബിജെപി കണക്ക് കൂട്ടല്‍. 

 

click me!