
ഇടുക്കി: പരീക്ഷക്ക് ഹാജർ രേഖപ്പെടുത്തിയതിലെ പിഴവു മൂലം എംജി സർവ കലാശാലയിൽ ബിരുദ പരീക്ഷ എഴുതിയ പലരും തോറ്റതായി മാർക്ക് ലിസ്റ്റ്. കൊവിഡ് കാലത്ത് ഇടുക്കിയിൽ വീടിനു സമീപത്തെ സെൻറുകളിൽ പരീക്ഷ എഴുതിയവർക്കാണ് ഈ ദുർഗതി. പരീക്ഷ ഏഴുതിയ ദിവസങ്ങളിൽ ആബ്സൻറാണെന്ന് രേഖപ്പെടുത്തിയതാണ് തോറ്റ റിസൽട്ട് ലഭിക്കാൻ കാരണം.
ജൂലൈ മാസം അവസാന വർഷ ബിരുദ പരീക്ഷ എഴുതിയ എംജി യൂണിവേഴ്സിറ്റിയിലെ ചില വിദ്യാർത്ഥികളുടെ റിസൾട്ടിലാണ് പിഴവ് സംഭവിച്ചത്. കൊവിഡ് കാലമായതിനാൽ പഠിക്കുന്ന കോളജിന് പകരം വീടിനു സമീപത്തെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഇതനുസരിച്ച് ഇടുക്കിയിലെ ഒരു കോളജിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ പലരും ഫലം വന്നപ്പോൾ ഞെട്ടി. പരീക്ഷ എഴുതിയ ദിവസം മാർക്ക് ലിസ്റ്റിൽ അബ്സൻറെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടെ പരീക്ഷ തോറ്റെന്ന് ഫലവും.
ഫലം വന്നപ്പോൾ തന്നെ പിഴവ് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പരീക്ഷാ കൺട്രോളർക്ക് പരാതി നൽകി. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞിട്ടും നടപടിയൊന്നുമാകാത്തതോടെ ഭാവി അനിശ്ചിത്വത്തിലാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. കുട്ടികൾ പഠിച്ചിരുന്ന കോളജുകളിൽ പരീക്ഷക്ക് എത്താതെ വന്നപ്പോൾ അവർ ആബ്സൻഡ് എന്ന് രേഖപ്പെട്ടുത്തിയതാണ് പ്രശ്ന കാരണമെന്നാണ് എംജി സർവകലാശാല പരീക്ഷ കൺട്രോളറുടെ വിശദീകരണം. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ ഇത് പരിഹരിക്കുന്നതിന് നടപടി സ്വകീരിക്കുമെന്നും പരീക്ഷ കൺട്രോളർ ഡോ. ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam