
കോട്ടയം: എം ജി സര്‍വകലാശാലയില്‍ വിവാദമായ മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തില്‍ ഒത്തുകളി. പ്രത്യേക മോഡറേഷൻ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ബിരുദം നഷ്ടമാകാത്ത വിധമുള്ള പുതിയ ഉത്തരവ് സര്‍വകലാശാല ഇറക്കി. സര്‍വകലാശാല നിയമം പാലിക്കാതെ പ്രത്യേക മോഡറേഷൻ റദ്ദ് ചെയ്യാമെന്ന ഉത്തരവ് അനധികൃതമായി മാര്‍ക്ക് സമ്പാദിച്ച വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
ഒക്ടോബര്‍ 24 ന് കൂടിയ സിൻഡിക്കേറ്റാണ് വിവാദമായ മാര്‍ക്ക് ദാനം റദ്ദാക്കിയത്. അക്കാഡമിക് കൗണ്‍സില്‍ വിളിക്കാതെ ഗവര്‍ണ്ണര്‍ അംഗീകരിക്കാതെ ബിരുദം റദ്ദാക്കാനാകില്ല എന്ന സര്‍വകലാശാല നിയമം മറികടന്നായിരുന്നു സിൻഡിക്കേറ്റിന്‍റെ ഈ നടപടി. സര്‍വകശാല നിയമം 35 ആം അനുച്ഛേദത്തിന് വിരുദ്ധമായി ഇറക്കിയ ഉത്തരവ് ചാൻസിലറ്‍ കൂടിയായ ഗവര്‍ണ്ണറും അംഗീകരിച്ചില്ല. ബിരുദം റദ്ദാക്കിയെന്ന സിൻഡിക്കേറ്റ് തീരുമാനം വന്ന് ഒരു മാസമായിട്ടും തുടര്‍നടപടികളൊന്നും സ്വീകരിക്കാതെയിരുന്നതിലും സംശയമുണ്ടായി. അനധികൃതമായി മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് സര്‍വകലാശാലനിയമം മറികടന്ന മാര്‍ക്ക് ദാനം റദ്ദാക്കലെന്ന ആക്ഷപമുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്നലെ പുതിയൊരു ഉത്തരവിറക്കിയത്.
സര്‍വകലാശാല നിയമങ്ങള്‍ പാലിക്കാതെ തന്നെ പ്രത്യേക മോഡറേഷൻ റദ്ദ് ചെയ്യാം എന്നാണ് ഉത്തരവ്. അതായത് നിയമവിരുദ്ധമായ മാര്‍ക്ക് ദാനം റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തെ ന്യായീകരിക്കുന്നതാണ് പുതിയ ഉത്തരവ്. പഴയ നിലപാടില്‍ തന്നെ സര്‍വകലാശാല ഉറച്ച് നില്‍ക്കുന്നു. മോഡറേഷൻ റദ്ദാക്കിയ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിയമങ്ങള്‍ പാലിക്കാതെ ബിരുദം റദ്ദാക്കാമെന്ന് ഉത്തരവിറക്കിയ സര്‍വകലാശാല ഫലത്തില്‍ അനധികൃതമായി മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ കോടതിയിലും സഹായിക്കാൻ ഒരുങ്ങുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam