'കോടതി വിധി ആശ്വാസകരം', 10 ദിവസത്തിനകം വിശദീകരണം നല്‍കുമെന്ന് എംജി വിസി

Published : Oct 24, 2022, 06:36 PM ISTUpdated : Oct 24, 2022, 11:39 PM IST
'കോടതി വിധി ആശ്വാസകരം', 10 ദിവസത്തിനകം വിശദീകരണം നല്‍കുമെന്ന് എംജി വിസി

Synopsis

നിയമപ്രകാരം മാത്രമേ വിസിമാർക്കെതിരെ നടപടിപാടുള്ളു എന്നാണ് ഹൈക്കോടതി ഉത്തരവ്. 

കോട്ടയം: വിസിമാര്‍ക്ക് തത്ക്കാലം തുടരാമെന്ന കോടതിവിധി ആശ്വസകരമെന്ന് എം ജി യൂണിവേഴ്‍സിറ്റി വി സി ഡോ. സാബു തോമസ്. പത്ത് ദിവസത്തിനകം ഗവര്‍ണര്‍ക്ക് വിശദീകരണം നൽകും. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും വിശദീകരണം നൽകുകയെന്നും സാബു തോമസ് പറഞ്ഞു. ഗവര്‍ണർ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർക്കും തൽസ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമുളള  വൈസ് ചാൻസലർമാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയുളള ഗവർണറുടെ നടപടി സ്വഭാവിക നീതിയുടെ  ലംഘനമാണെന്ന വൈസ് ചാൻസലർമാരുടെ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചു.  

നിശ്ചിത യോഗ്യതയില്ലെങ്കിൽ, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കിൽ വൈസ് ചാൻസലർമാരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ അതിന് സ്വീകരിക്കുന്ന നടപടികൾ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേൾക്കാതെ രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഗവർണർക്ക് മുന്നോട്ടുപോകാൻ തടസമില്ല. പത്തുദിവസത്തിനുളളിൽ വിസിമാർ നൽകുന്ന മറുപടികേട്ട് ചാൻസലർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. 

അന്തിമ തീരുമാനത്തിൽ അപാകതയുണ്ടെങ്കിൽ വൈസ് ചാൻസലർമാർക്ക് കോടതിയെ സമീപിക്കാം. സാങ്കേതിക സർവകാശാല വൈസ് ചാൻസലറെ നീക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദേശം ചോദ്യം ചെയ്താണ് ഒന്‍പത് വൈസ് ചാൻസലർമാരും ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. 

രാജിവെച്ച് പുറത്തുപോകണമെന്ന തന്‍റെ ഉത്തരവ് അപേക്ഷ മാത്രമായിരുന്നെന്നും മാന്യമായി പുറത്തുപോകാനുളള അവസരം ഒരുക്കുകയായിരുന്നെന്നും ഗവർണർ കോടതിയെ അറിയിച്ചു. എന്നാൽ ഇതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്‍റെ യുക്തിയെന്തെന്നും കോടതി ഗവർണറോട് ചോദിച്ചു. കാരണം കാണിക്കൽ നോട്ടീസോടെ രാജിവെച്ച് പുറത്ത് പോകണമെന്ന ഗവർണറുടെ ഉത്തരവ് അപ്രസക്തമായെന്ന കണ്ടെത്തലോടെയാണ് വൈസ് ചാൻസലർമാരുടെ ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും